സിയാലിന് 69 കോടി അർധവാർഷിക ലാഭം

Posted on: December 20, 2014

Cial-new-Logo-big

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) നടപ്പു ധനകാര്യ വർഷത്തിന്റെ ആദ്യപകുതിയിൽ 69 കോടി രൂപ ലാഭം. മുൻ വർഷം ഇതേകാലയളവിൽ 64 കോടി രൂപയായിരുന്നു ലാഭം. യാത്രക്കാരുടെയും ഫ്‌ളൈറ്റുകളുടെയും എണ്ണം വർധിച്ചതായി സിയാൽ ഡയറക്ടർ ബോർഡ് വിലയിരുത്തി.

പതിനഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന പുതിയ ഇന്റർനാഷണൽ ടെർമിനൽ 2015 ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. 950 കോടി രൂപയാണ് പദ്ധതി ചെലവ്. സിയാൽ അവകാശ ഓഹരി വിതരണം 2015 മേയ് 31 ന് മുമ്പ് പൂർത്തിയാക്കും. നാല് ഓഹരിക്ക് ഒരു ഓഹരി എന്ന അനുപാതത്തിലായിരിക്കും നിലവിലുള്ള ഓഹരി ഉടമകൾക്ക് അവകാശ ഓഹരി നല്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈൻ സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി നല്കി ആദരിച്ച സിയാൽ ബോർഡ് അംഗം കൂടിയായ എം.എ. യൂസഫലിയെ ഡയറക്ടർ ബോർഡ് അനുമോദിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, സിയാൽ എംഡി വി. ജെ. കുര്യൻ, ഡയറക്ടർമാരായ സി. വി. ജേക്കബ്, എം. എ. യൂസഫലി, എൻ. പി. ജോർജ്, ഇ. എം. ബാബു എന്നിവർ സന്നിഹിതരായിരുന്നു.