കൊച്ചി വിമാനത്താവളത്തില്‍ കാറ്റഗറി – 3 റണ്‍വേ ലൈറ്റിംഗ്

Posted on: July 4, 2020

കൊച്ചി : കൊച്ചി വിമാനത്താവളത്തില്‍ സജ്ജമാക്കിയ അത്യാധുനിക റണ്‍വേ ലൈറ്റിംഗ് സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി. 36 കോടി രൂപ മുടക്കി നവീകരിച്ച കാറ്റഗറി – 3 റണ്‍വേ ലൈറ്റിംഗ് സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ നിര്‍വഹിച്ചു.

മോശം കാലാവസ്ഥയിലും പൈലറ്റിന് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ കാറ്റഗറി -3 ലൈറ്റിംഗ് സംവിധാനം സഹായകമാകും. എയ്‌റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിംഗ് (എ.ജി.എല്‍) എന്ന റണ്‍വേയിലെ വെളിച്ചവിതാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് കാറ്റഗറി-3 ദക്ഷിണേന്ത്യയില്‍ ബെംഗളൂരു വിമാനത്താവള രണ്‍വേയ്ക്ക് മാത്രമാണ് ഈ സംവിധാനമുണ്ടായിരുന്നത്.

124 കോടിയോളം രൂപ മുടക്കി നടത്തിയ റണ്‍വേ പുനരുദ്ധാരണ പദ്ധതിക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിംഗ് നവീകരണം നിര്‍വഹിച്ചത്. രണ്‍വേ, ടാക്‌സി വേ, ടാക്‌സി ലിങ്കുകള്‍, പാര്‍ക്കിംഗ് ബേ എന്നിവ മുഴുവനും ആധുനികമായ ലൈറ്റിംഗ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴ വന്നാലും പുക മഞ്ഞുള്ളപ്പോഴും പൈലറ്റിന് റണ്‍വേയും അനുബന്ധ പാതകളും വ്യക്തമായി കാണാന്‍ കഴിയും. കൂടാതെ ഏപ്രണിലെ മുഴുവന്‍ മേഖലയിലും മാര്‍ഗനിര്‍ദേശ ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ലൈറ്റിംഗ് സംവിധാനം തകരാറിലായാല്‍ ഉടന്‍ സമാന്തര സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങും.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. എം. ഷബീര്‍, ജനറല്‍ മാനേജര്‍ പി. ജെ. ടോണി, സീനിയര്‍ മാനേജര്‍ സ്‌കറിയ ഡി. പാറയ്ക്ക തുടങ്ങിയവര്‍ സ്വിച്ച് ഓണ്‍ കര്‍മത്തില്‍ പങ്കെടുത്തു.