സംയോജിത ഡിജിറ്റല്‍വല്‍കരണത്തിലൂടെ വിമാനക്കമ്പനികള്‍ക്ക്  മെച്ചപ്പെട്ട സേവനം നല്‍കാന്‍ ഐബിഎസ്-കാര്‍ഗോ.വണ്‍ പങ്കാളിത്തം

Posted on: June 17, 2020

തിരുവനന്തപുരം: ഡിജിറ്റല്‍വല്‍കരണത്തിലൂടെ വിമാനക്കമ്പനികളുടെ ചരക്കുനീക്കം സുഗമമാക്കുന്നതിന് തിരുവനന്തപുരം ആസ്ഥാനമായ ലോകോത്തര ഐടി കമ്പനി ഐബിഎസ് സോഫ്റ്റ് വെയറും എയര്‍ കാര്‍ഗോ മേഖലയിലെ അന്താരാഷ്ട്ര ഡിജിറ്റല്‍ സ്ഥാപനമായ കാര്‍ഗോ.വണ്‍-ഉം പങ്കാളിത്തത്തിലേര്‍പ്പെട്ടു.

ഇത്തിഹാദ് കാര്‍ഗോ, നിപ്പണ്‍ കാര്‍ഗോ എയര്‍ലൈന്‍സ് തുടങ്ങി ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികള്‍ക്കുവേണ്ടി ചരക്കുനീക്കത്തിലെ ഡിജിറ്റല്‍വല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ഈ പങ്കാളിത്തം. ഐബിഎസ് വികസിപ്പിച്ചെടുത്ത ഐ-കാര്‍ഗോ സോഫ്റ്റ് വെയര്‍ സംയോജിപ്പിച്ചായിരിക്കും കാര്‍ഗോ.വണ്‍ പ്രവര്‍ത്തിക്കുക. കാര്‍ഗോ-വണ്‍ ന്റെ അതിവേഗം വളരുന്ന വിപണിയിലേയ്ക്ക് ഐബിഎസ്-ന് ഈ പങ്കാളിത്തത്തിലൂടെ പ്രവേശനം ലഭിക്കും.

കോവിഡ് കാലത്തെ സമ്പര്‍ക്ക രഹിത പ്രവര്‍ത്തനത്തിലൂടെ കാര്‍ഗോ.വണ്‍-ന്റെ ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണിയില്‍തന്നെ കാര്‍ഗോ മേഖലയിലെ ആയിരത്തഞ്ഞൂറോളം സ്ഥാപനങ്ങള്‍ കാര്‍ഗോ.വണ്‍-നെ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 450 ശതമാനം വളര്‍ച്ചയാണ് കാര്‍ഗോ വണ്‍ കൈവരിച്ചിട്ടുള്ളത്.

ഐബിഎസ്-ന്റെ ഉപയോക്താക്കളായ മുപ്പതോളം എയര്‍ലൈനുകള്‍ക്ക് തങ്ങളുടെ സംവിധാനങ്ങളില്‍ വലിയ മാറ്റം വരുത്താതെ കാര്‍ഗോ.വണ്‍-ന്റെ നൂതന സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാവും. ഈ മേഖലയില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ ഇത് സഹായകമാകും.

കാര്‍ഗോ.വണ്‍-ന്റെയും ഐബിഎസിന്റെയും എയര്‍ലൈനുകള്‍ക്ക് രണ്ടു സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ ശേഷി സംയോജിപ്പിച്ച് വിപണി ഓണ്‍ലൈനായി വികസിപ്പിക്കാനും ജീവനക്കാരുടെ അധികജോലി ഒഴിവാക്കാനും കഴിയുമെന്ന് കാര്‍ഗോ.വണ്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മോറിസ് ക്ലോസണ്‍ പറഞ്ഞു.

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനമാണ് വളര്‍ച്ച കൈവരിക്കാനുള്ള വഴിയെന്നും ഈ മേഖലയിലെ നൂതന സ്ഥാപനമായ കാര്‍ഗോ.വണ്‍-മായുള്ള പങ്കാളിത്തവും തങ്ങളുടെ ആധുനിക സാങ്കേതികവിദ്യയും എയര്‍ലൈനുകള്‍ക്ക് നേട്ടമാകുമെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ കാര്‍ഗോ-ലോജിസ്റ്റിക്‌സ് വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായ അശോക് രാജന്‍ പറഞ്ഞു. സഹകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സമീപഭാവിയില്‍തന്നെ ഈ പങ്കാളിത്തത്തിന്റെ നേട്ടം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.