കൊറോണ : കൊച്ചിയിൽ യാത്രക്കാർക്ക് വിമാനമിറങ്ങാൻ പ്രത്യേക എയ്‌റോബ്രിഡ്ജ്

Posted on: February 5, 2020

കൊച്ചി : കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ടെർമിനലിലേക്കു പ്രവേശിക്കാനായി രണ്ട് എയ്‌റോബ്രിഡ്ജുകൾ പ്രത്യേകം സജ്ജമാക്കി. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നിർദേശപ്രകാരമാണിത്. ചൈന, ഹോംങ്ക്‌കോങ്ങ്, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ 20, 22 നമ്പർ എയറോബ്രിഡ്ജുകളിൽ പരിശോധിക്കും. സംശയം തോന്നിയാൽ അവരെ ടെർമിനലിലേക്കു വിടാതെ താഴെയിറക്കി. ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളേജിലെത്തിക്കും.

വിമാനയാത്രക്കാർക്ക് പൂരിപ്പിക്കാനായി പ്രത്യേക ഫോമും വിതരണം ചെയ്യുന്നു. അസുഖലക്ഷണമുള്ളവരെ കണ്ടെത്താൻ വേണ്ടിയാണിത്. അന്താരാഷ്ട്ര ടെർമിനലിലെ പ്രത്യേക ആരോഗ്യ കൗണ്ടറുകളിൽ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും നിർദേശങ്ങൾ നൽകുന്നുണ്ട്.