ബോര്‍ഡിംഗ് പാസ് ലഭിച്ചാല്‍ ഗേറ്റിലെത്തേണ്ടത് യാത്രക്കാരന്റെ ചുമതല : സുപ്രീം കോടതി

Posted on: January 29, 2020

 

ന്യൂഡല്‍ഹി : വിമാനയാത്രക്കുള്ള  ബോര്‍ഡിംഗ് പാസ് ലഭിച്ചു കഴിഞ്ഞാൽ ബോര്‍ഡിംഗ് ഗേറ്റ് വരെ യാത്രക്കാരെ അനുഗമിക്കാന്‍ വിമാന കമ്പനികള്‍ക്കു ബാധ്യതയില്ലെന്നു സുപ്രീം കോടതി. ബോര്‍ഡിംഗ് പാസ് ലഭിച്ചുകഴിഞ്ഞാല്‍ സുരക്ഷാ പരിശോധനയ്ക്കു ശേഷം നിശ്ചിത സമയത്ത് ഗേറ്റിലെത്തുകയെന്നത് യാത്രക്കാരുടെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2017 ജനുവരിയില്‍ കൊല്‍ക്കത്തയില്‍ നിന്ന് ത്രിപുരയിലേക്കു യാത്ര ചെയ്യാന്‍ എത്തിയ 4 പേര്‍ക്ക് ബോര്‍ഡിംഗ് പാസ് ലഭിച്ചശേഷം യാത്ര തുടരാന്‍ സാധാക്കാഞ്ഞതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് 51,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ തീരുമാനം സംസ്ഥാന, ദേശീയ ഫോറങ്ങള്‍ ശരിവച്ചു. അതിനെതിരെ ഇന്‍ഡിഗോ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാടു വ്യക്തമാക്കിയത്.

എത്ര സമയത്തിനുള്ളില്‍ ഗേറ്റ് അടയ്ക്കുമെന്ന് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അടുത്ത വിമാനത്തില്‍ യാത്ര സാധ്യമാക്കിയില്ലെന്നും എതിര്‍കക്ഷികള്‍ വാദിച്ചിരുന്നു. എന്നാല്‍, പാസ് ലഭിച്ചശേഷമുള്ള നടപടികള്‍ സംബന്ധിച്ച് എതിര്‍ കക്ഷികള്‍ വിമാന കമ്പനി ജീവനക്കാരുടെ
സഹായം തേടിയില്ല. കമ്പനിയുടെ സേവനപരമായ ഉത്തരവാദിത്തത്തെക്കുറിച്ച് ഉപഭോക്ത്യ ഫോറങ്ങള്‍ നടത്തിയ വിലയിരുത്തല്‍ തെറ്റാണെന്നു വ്യക്തമാക്കിയ കോടതി നഷ്ടപരിഹാരത്തിനുള്ള ഉത്തരവ് റദ്ദാക്കി.