കൊറിയൻ എയറിന്റെ ചരക്കുനീക്കം പരിഷ്‌കരിക്കാൻ ഐബിഎസ് സോഫ്റ്റവേർ

Posted on: May 1, 2019

തിരുവനന്തപുരം :  കൊറിയൻ എയറിന്റെ ചരക്കുനീക്കം ആധുനികവത്കരിക്കാനും മെച്ചപ്പെടുത്താനും തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസിൻറെ ഐകാർഗോ സോഫ്റ്റവേർ ഉപയോഗിക്കും. ഐകാർഗോയുടെ സഹായത്തോടെ കൊറിയൻ എയർ ചരക്കുഗതാഗതം സമ്പൂർണമായി ഏകീകൃത ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറ്റും. കഴിഞ്ഞ 30 വർഷമായി കൊറിയൻ എയറിന്റെ ആഗോളവ്യാപകമായുള്ള 130 സ്റ്റേഷനുകളിലൂടെ നടന്നിരുന്ന ചരക്കുനീക്കം ഒറ്റയടിക്ക് ഈ വാരാദ്യത്തിൽ ഐബിഎസ് സോഫ്റ്റവേറിലേയ്ക്ക് മാറി.

ഐബിഎസ് ഐകാർഗോയിലേയ്ക്കുള്ള സുഗമമായ മാറ്റം കൊറിയൻ എയർ കാർഗോയിലെ ഏറ്റവും പുതിയ അധ്യായമാണെന്ന് കൊറിയൻ എയർ കാർഗോ മേധാവിയും സീനിയർ വൈസ് പ്രസിഡൻറുമായ നോ സാം സുഗ് പറഞ്ഞു. ഐകാർഗോയുടെ എല്ലാ നൂതന സാധ്യതകളും ഉപയോഗിച്ച് ഒരു ഡിജിറ്റൽ യാത്രയ്ക്ക് കൊറിയൻ എയർ ഒരുങ്ങുകയാണ്. നിലവിലുള്ള ഐകാർഗോ ഉപയോക്താക്കളുമായും ഐബിഎസുമായും സഹകരിച്ച് ഇപ്പോഴുള്ളതിനെക്കാൾ ഈ സോഫ്റ്റവേറിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദേഹം പറഞ്ഞു.

വില്പന, ബുക്കിംഗ്, നിരക്കുനിർണയം, ശേഷിവികസനം, ചരക്കുനീക്കം, എയർമെയിൽ, അക്കൗണ്ടിംഗ് തുടങ്ങിയ എല്ലാ മേഖലകളും ഐകാർഗോയുടെ പ്രവർത്തന പരിധിയിൽ വരും. ഇതോടെ ഉപഭോക്തൃസേവനം, പ്രവർത്തന വേഗത, കൊറിയൻ എയറിന്റെ പ്രവർത്തന ക്രമീകരണം എന്നിവ മെച്ചപ്പെടും. മൊബൈൽ ഫോണുകളിലും ടാബ്ലറ്റുകളിലും ഐബിഎസിൻറെ പുത്തൻ തലമുറ ആൻഡ്രോയ്ഡ് സ്‌കാനറുകളും ആപ്പുകളും ഉപയോഗിച്ച് കൊറിയൻ എയറിന്റെ ആസ്ഥാനമായ സോളിലെ ഇൻജിയോൺ ആഗോള കാർഗോ ഹബുമായി ഈ പ്രവർത്തനങ്ങൾ സംയോജിപ്പിക്കാൻ കഴിയും. പ്രതിദിനം 140 സർവീസുകളിലായി 16 ലക്ഷം ടൺ ചരക്കുനീക്കമാണ ഇൻജിയോണിൽ കൈകാര്യം ചെയ്യുന്നത്.

ഐകാർഗോ സംവിധാനം നിലവിൽ വരുന്നതിനൊപ്പം കൊറിയൻ എയർ കാർഗോയുടെ വെബ്‌സൈറ്റ് ഐബിഎസിന്റെ സഹായത്തോടെ പരിഷ്‌കരിച്ച് ഓൺലൈൻ ബുക്കിംഗ്, ട്രാക്കിംഗ്, ഇ-എയർവേ ബില്ലിംഗ്, ടെർമിനൽ ഓപ്പറേഷൻസ്, മെയിൽ ഹാൻഡ്‌ലിംഗ്, റവന്യൂ അക്കൗണ്ടിംഗ്, ഡേറ്റ വെയർഹൗസ് ശേഷി എന്നിവയെല്ലാം ഓൺലൈനായി സംയോജിപ്പിക്കും.

കൊറിയൻ എയറിന്റെ ആധുനികവത്കരണത്തിൽ പങ്കാളിയായി ഏറ്റവും മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ലോകത്തിൽ കൊറിയൻ എയറിനെ മുന്നിലെത്തിക്കുന്നതിനും തങ്ങൾക്കു കഴിയുമെന്ന് ഐബിഎസ് സോഫ്റ്റവേർ കാർഗോ ആൻഡ് ലോജിസ്റ്റിക് സൊല്യൂഷൻസ് മേധാവി അശോക് രാജൻ പറഞ്ഞു. അനലിറ്റിക്‌സ്-മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംയോജിത കാർഗോ റവന്യൂ മാനേജ്‌മെന്റ് സംവിധാനമാണ് അടുത്തതായി സജ്ജീകരിക്കുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു.