ഫ്‌ളൈദുബായ്ക്ക് അയാട്ട അംഗത്വം

Posted on: March 11, 2016
അയാട്ട അംഗത്വ സർട്ടിഫിക്കേറ്റ് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഖെയ്ത് അൽ ഖെയ്ത് അയാട്ടാ മേഖലാ വൈസ് പ്രസിഡന്റ് ഹുസൈൻ ദബാസിൽ നിന്ന് സ്വീകരിക്കുന്നു.

അയാട്ട അംഗത്വ സർട്ടിഫിക്കേറ്റ് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഖെയ്ത് അൽ ഖെയ്ത് അയാട്ടാ മേഖലാ വൈസ് പ്രസിഡന്റ് ഹുസൈൻ ദബാസിൽ നിന്ന് സ്വീകരിക്കുന്നു.

കൊച്ചി : ഫ്‌ളൈദുബായ് എയർലൈൻസ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ (അയാട്ടാ) അംഗത്വം നേടി. ആറ് വർഷം പിന്നിട്ട ഫ്‌ളൈ ദുബായ് അയാട്ടയുടെ ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് (ഐഒഎസ്എ) കഴിഞ്ഞ വർഷം വിജയകരമായി പൂർത്തിയാക്കുകയുണ്ടായി. എയർലൈനുമായി ബന്ധപ്പെട്ട മേഖലകളിലെയെല്ലാം സുരക്ഷാ ക്രമീകരണങ്ങൾ, കാര്യശേഷി എന്നിവയാണ് ഐഒഎസ്എ ഓഡിറ്റിലൂടെ നിർണയിക്കപ്പെടുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് വ്യോമയാന രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട ഫ്‌ളൈ ദുബായിയെ സംബന്ധിച്ചേടത്തോളം മറ്റൊരു നാഴികക്കല്ലാണ് അയാട്ടാ അംഗത്വമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഖെയ്ത് അൽ ഖെയ്ത് പറഞ്ഞു. തികഞ്ഞ അച്ചടക്കം, പ്രതിബദ്ധത, മികവ് എന്നിവയുടെ ബലത്തിലാണ് എയർലൈനിന് അയാട്ട അംഗത്വം ലഭിച്ചത്. ദുബായിലേക്ക് നേരത്തെ സർവീസില്ലാതിരുന്ന കേന്ദ്രങ്ങളിൽ സാന്നിദ്ധ്യമുറപ്പിച്ചുകൊണ്ട് ഗൾഫ്, ഉത്തര ആഫ്രിക്കൻ, ഏഷ്യൻ മേഖലയിലെ വ്യോമയാന ഭൂപടത്തിൽ വൻമാറ്റം സൃഷ്ടിക്കാൻ ഫ്‌ളൈദുബായ്ക്ക് കഴിഞ്ഞതായി ഖെയ്ത് വ്യക്തമാക്കി.

ദുബായിൽ നിന്ന് 89 കേന്ദ്രങ്ങളിലേക്ക് ആഴ്ചയിൽ 1700 സർവീസുകൾ നടത്തിവരുന്ന ഫ്‌ളൈ ദുബായ് കഴിഞ്ഞ വർഷം മാത്രം 18 പുതിയ റൂട്ടുകളിൽ സർവിസാരംഭിച്ചു. ഇതുവഴി ദുബായിയുടെ വ്യാപാര രംഗത്തും സാമ്പത്തിക വളർച്ചയിലും മികച്ച സംഭാവന നൽകാനും എയർലൈന് കഴിഞ്ഞു.

TAGS: Flydubai | IATA |