മഹീന്ദ്ര സഹീറാബാദിൽ പുതിയ നിർമാണ പ്ലാന്റ് തുറന്നു

Posted on: April 28, 2015

Mahindra-Saheerabad-Plant-B

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര തെലങ്കാനയിലെ സഹീറബാദിൽ 250 കോടി ചെലവിൽ പുതിയ എൽസിവി നിർമാണ പ്ലാന്റ് തുറന്നു. നടപ്പ് ധനകാര്യവർഷം ആദ്യ ക്വാർട്ടറിൽ വാണിജ്യോത്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രിമാരായ ടി ഹരീഷ് റാവു, ജൂപ്പള്ളി കൃഷ്ണ റാവു, ഡെപ്യൂട്ടി സ്പീക്കർ പദ്മ ദേവേന്ദർ റെഡി, ഡോ. ജെ ഗീതാ റെഡി എം എൽ എ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക, പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രവീൺ ഷാ തുടങ്ങിയവർ പങ്കെടുത്തു.

പ്രതിവർഷം 92,000 വാഹനങ്ങൾ പുറത്തിറക്കാനുള്ള ശേഷിയാണ് പുതിയ പ്ലാന്റിനുള്ളത്. ആവശ്യാനുസരണം ശേഷി ഉയർത്താനുമാകും. സഹീറാബാദിൽ നിലവിലുള്ള പ്ലാന്റിന്റെ ശേഷി ഇപ്പോൾ 75,000 വാഹനങ്ങളാണ്. ഇതിനുപുറമെയാണ് പുതിയ പ്ലാന്റ് വരുന്നത്. ഒരു ടൺ ശേഷിയുള്ള ഫോർ വീൽ വാണിജ്യാവാഹനങ്ങളാണ് ഇവിടെ നിന്ന് പുറത്തിറക്കുക. പുതിയ പ്ലാന്റ് വരുന്നതോടെ വാഹന, ട്രാക്ടർ പ്ലാന്റുകളിലായി പ്രത്യക്ഷമായും പരോക്ഷമായും 3,500 പേർക്ക് ജോലി ലഭിക്കും. മൊത്തം മുതൽമുടക്ക് 1100 കോടിയായി ഉയർന്നതായും കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക പറഞ്ഞു.