സ്‌കോഡയുടെ പുതിയ കോംപാക്ട് എസ്യുവി വരുന്നു

Posted on: February 28, 2024


മുംബൈ : ഏറ്റവും പുതിയ കോംപാക്ട് എസ്യുവി 2025 പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കു വേണ്ടി സ്‌കോഡ നിര്‍മ്മിക്കുന്ന കാറുകളില്‍ മൂന്നാമത്തേതായിരിക്കും ഇത്. വിപണിയില്‍ തരംഗം സൃഷ്ടിച്ച കുഷാഖ്, സ്ലാവിയ എന്നിവയില്‍ ഉപയോഗിച്ച എംക്യൂബി-എ0-ഐഎന്‍ പ്ലാറ്റ്‌ഫോമിലാണ് പുതിയ കാറുമെത്തുന്നത്. 2026ഓടെ വാര്‍ഷിക വില്പ്പന ഒരു ലക്ഷത്തിലെത്തിക്കുകയാണ് പുതിയ കോംപാക്ട് എസ്യുവി കൂടി നിരത്തിലിറക്കുന്നതോടെ സ്‌കോഡ ഓട്ടോ ഇന്ത്യ ലക്ഷ്യമിടുന്നത്.

കരുത്തുറ്റ വിപണി എന്നതിനൊപ്പം തെക്കു കിഴക്കന്‍ ഏഷ്യന്‍, മിഡില്‍ ഈസ്റ്റ് മേഖലകളിലെ പുതിയ വിപണികളിലേക്കുള്ള വിപുലീകരണത്തിനുള്ള പ്രധാന ഉല്‍പ്പാദന, വികസന കേന്ദ്രം എന്ന നിലയിലും സ്‌കോഡ ഓട്ടോയുടെ ആഗോള വളര്‍ച്ചയില്‍ വളരെ നിര്‍ണായക പങ്കാണ് ഇന്ത്യയ്ക്കുള്ളതെന്ന് സ്‌കോഡ ഓട്ടോ സിഇഒ ക്ലോസ് സെല്‍മര്‍ പറഞ്ഞു. 2021നു ശേഷം ഇന്ത്യയില്‍ വില്പ്പന ഇരട്ടിപ്പിച്ചിട്ടുണ്ട്. അടുത്ത പടിയായി കൂടുതല്‍ മോഡലുകള്‍ വിപണിയിലിറക്കുകയാണ്. 2025ല്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ കോംപാക്ട് എസ്യുവി കൂടുതല്‍ ഉപഭോക്താക്കളെ നേടിത്തരുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കോംപാക്ട് എസ്യുവി എത്തുന്നതോടെ കമ്പനിയില്‍ എല്ലാ തലത്തിലും കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകും. പുതിയ ഉപഭോക്താക്കളേയും നിലവിലുള്ളവരേയും തൃപ്തിപ്പെടുത്തുന്നതിന് പുതിയ സമീപനങ്ങള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി സെയില്‍, ആഫ്റ്റര്‍ സെയില്‍ ടീമുകള്‍ക്കുള്ള പരിശീലനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്, സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനെബ പറഞ്ഞു.

പൂനെക്കടുത്ത ഛക്കനിലാണ് സ്‌കോഡയുടെ കാര്‍ നിര്‍മാണ യൂനിറ്റ് ഉള്ളത്. കൂടാതെ ഛത്രപതി സംഭാജി നഗറില്‍ അനുബന്ധ ഉപകരണ നിര്‍മാണ യൂനിറ്റുമുണ്ട്. ഇന്ത്യയിലെ കമ്പനിയുടെ വികസന പദ്ധതികളില്‍ സുപ്രധാന പങ്കുവഹിക്കുന്നത് ഈ രണ്ട് പ്ലാന്റുകളാണ്.