ആകര്‍ഷകമായ പുതിയ രൂപഭാവത്തില്‍ സോണറ്റ്; കിയയുടെ പുതിയ കോംപാക്ട് എസ്യുവി

Posted on: January 16, 2024

തിരുവനന്തപുരം : കിയയുടെ ജനപ്രിയ കോംപാക്ട് എസ്യുവി ആയ സോണറ്റിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. മാര്‍ക്കറ്റില്‍ 7.99 ലക്ഷം രൂപമുതല്‍ തുടക്കത്തില്‍ ലഭ്യമാകും. ഈ വിഭാഗത്തില്‍ മെയിന്റനന്‍സ് ചെലവുകള്‍ ഏറ്റവും കുറഞ്ഞ കാറായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ സുരക്ഷയിലും സുഖകരമായ ഡ്രൈവിംഗ് അനുഭവത്തിലും വിട്ടുവീഴ്ചകള്‍ക്ക് കമ്പനി തയാറായിട്ടില്ല.

പത്ത് ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനങ്ങളും ഉയര്‍ന്ന സുരക്ഷയ്ക്ക് 15 ഫീച്ചറുകളുമാണ് കമ്പനി ഇത്തവണ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആറ് എയര്‍ ബാഗുകള്‍, കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റം, ലൈന്‍ ഫോളോവിങ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി മാനേജ്മെന്റ് അക്കൂട്ടത്തില്‍ ആകര്‍ഷകമായ ചില സവിശേഷതകളാണ്.

9.79 ലക്ഷം രൂപമുതലാണ് ഡീസല്‍ പതിപ്പുകളുടെ വില തുടങ്ങുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്, പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെ 19 പതിപ്പുകള്‍ ലഭ്യമാണ്. ഏറ്റവും കൂടുതല്‍ സവിശേഷതകളുള്ള ടോപ് മോഡലിന് 15.69 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വില. ഈ സെഗ്മെന്റിലെ ഇതേ വിലയിലുള്ള മറ്റ് എസ്യുവികളേക്കാള്‍ സവിശേഷതകളുടെയും സുരക്ഷയുടേയും കാര്യത്തില്‍ ബഹുദൂരം മുന്നിലാണ് പുതിയ സോണറ്റ്. കൂടുതല്‍ മസ്‌കുലാര്‍ ആയ കരുത്തുറ്റ രൂപഭാവവും വാഹനത്തെ ആകര്‍ഷകമാക്കുന്നു.

പ്രീമിയം സെഗ്മെന്റിലുള്ള കോംപാക്ട് എസ്യുവികളുടെ തിരിച്ചുവരവിന്റെ തുടക്കമായിരിക്കും പുതിയ സോണറ്റ് എന്നാണ് മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും വാക്കാല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ കഴിയുന്ന സംവിധാനമാണ് കാറിനകത്തുള്ളത്. എട്ട് മോണോടോണ്‍, രണ്ട് ഡ്യൂവല്‍ ടോണ്‍, ഒരു മാറ്റ് ഫിനിഷ് എന്നീ നിറങ്ങളിലാണ് സോണറ്റ് വിപണിയിലെത്തുന്നത്. കിയയുടെ വെബ്സൈറ്റ് വഴിയും ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 25,000 രൂപയാണ് ബുക്കിങ്ങിന് നല്‍കേണ്ടത്.