വാര്‍ഡ് വിസാര്‍ഡ് ഇലക്ട്രിക് വാഹനങ്ങളുടെ 6 കോണ്‍സെപ്റ്റ് മോഡലുകള്‍ അവതരിപ്പിച്ചു

Posted on: January 12, 2024

കൊച്ചി : ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ പത്താം പതിപ്പില്‍ ഇലക്ട്രിക് വാഹനങ്ങളുടെ 6 കോണ്‍സെപ്റ്റ് മോഡലുകള്‍ അവതരിപ്പിച്ച ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിലും, ജോയ് ഇ-റിക്ക് എന്ന ബാനറിന് കീഴില്‍ ഇലക്ട്രിക് വാണിജ്യ വാഹന വിഭാഗത്തിലുമാണ് പുതിയ കോണ്‍സെപ്റ്റുകള്‍ അവതരിപ്പിച്ചത്. സാങ്കേതിക മുന്നേറ്റങ്ങളും പുതുമകളും ഉപയോഗിച്ച് ഇ.വി മോഡല്‍ ലൈനപ്പ് വിപുലീകരിക്കാനുള്ള കാഴ്ചപ്പാടിന് അനുസൃതമായി രണ്ട് ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കോണ്‍സെപ്റ്റ് മോഡലുകളും, ഗോള്‍ഫ് കാര്‍ട്ട് (6 സീറ്റര്‍), ഗാര്‍ബേജ് വെഹിക്കിള്‍, ഇ-കാര്‍ട്ട്, ഇ-ലോഡര്‍ വെഹിക്കിള്‍ എന്നിങ്ങനെ നാല് ഇലക്ട്രിക് വാണിജ്യ വാഹനങ്ങളുടെ കോണ്‍സെപ്റ്റ് മോഡലുകളുമാണ് പ്രദര്‍ശിപ്പിച്ചത്.

ഇതിന് പുറമേ നെക്സ്റ്റ്-ജെന്‍ ഹൈഡ്രജന്‍ ഇന്ധന സെല്ലും, ഇലക്ട്രോലൈസര്‍ സാങ്കേതികവിദ്യ സമ്മിറ്റില്‍ പുറത്തിറക്കിയ കമ്പനി, ഹൈഡ്രജന്‍ അധിഷ്ഠിത ഫ്യൂവല്‍ സെല്‍ പവര്‍ഡ് സ്‌കൂട്ടര്‍ പ്രോട്ടോടൈപ്പും പ്രദര്‍ശിപ്പിച്ചു. അടുത്ത തലമുറ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഭാവിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിനെ സൂചിപ്പിക്കുന്ന ഹൈഡ്രജന്‍ അധിഷ്ഠിത ഇന്ധന സെല്‍ എന്ന ആശയം നിലവില്‍ ഗവേഷണവികസന ഘട്ടത്തിലാണ്. സാങ്കേതികവിദ്യ പൂര്‍ണമായി വികസിക്കുമ്പോള്‍ യൂട്ടിലിറ്റി വാഹനങ്ങളില്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ഇത് ഉപയോഗിക്കും. ട്രൈറ്റണ്‍ ഇ.വിയുമായുള്ള സഹകരണത്തിന്റെ ഭാഗമാണ് ഈ സംരംഭം. ഗുജറാത്ത് സര്‍ക്കാരുമായി അടുത്തിടെ ഒപ്പുവച്ച 2000 കോടി രൂപയുടെ ധാരണാപത്രം പ്രകാരം, വാര്‍ഡ്വിസാര്‍ഡ് നിര്‍ണായക മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തിയിരുന്നു.

സുസ്ഥിരമായി മുന്നോട്ടുപോകുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് ഗുജറാത്ത് സര്‍ക്കാരിനോട് ഏറെ നന്ദിയുണ്ടെന്ന് സമ്മിറ്റില്‍ സംസാരിച്ച് കമ്പനിയുടെ ഭാവി പദ്ധതികള്‍ വിശദീകരിച്ച വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.