ഹോണ്ട ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

Posted on: September 28, 2023

കൊച്ചി : സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ആക്ടീവ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ആക്ടീവ ഡിഎല്‍എക്സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും, ആക്ടിവ സ്മാര്‍ട്ട് ലിമിറ്റഡ് എഡിഷന് 82,734 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് ലഭ്യമാകും. ബുക്കിംഗ് ആരംഭിച്ചു.

ബോഡി പാനലുകളിലെ ശ്രദ്ധേയമായ ഷേഡുകള്‍ക്കൊപ്പം, ആദ്യമായി ഒരു ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഉത്പ്പന്നത്തില്‍, ഡാര്‍ക്ക് കളര്‍ തീമും ബ്ലാക്ക് ക്രോം എലമന്റ്സും നല്‍കി ഇന്ത്യയുടെ ഇഷ്ട സ്‌കൂട്ടറായ ആക്ടീവയുടെ രൂപഭംഗിക്ക് ആക്ടീവ ലിമിറ്റഡ് എഡിഷന്‍ മാറ്റുകൂട്ടുന്നു. പ്രീമിയം ബ്ലാക്ക് ക്രോം ഗാര്‍ണിഷിലാണ് ആക്ടീവ 3ഡി എംബ്ലം വരുന്നത്. ബോഡി കളര്‍ ഡാര്‍ക്ക് ഫിനിഷാണ് റിയര്‍ ഗ്രാബ് റെയിലിന്.

മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നിങ്ങനെ രണ്ട് കളര്‍ ഷേഡുകളിലാണ് ആക്ടീവ ലിമിറ്റഡ് എഡിഷന്‍ എത്തുന്നത്. ഡിഎല്‍എക്സ് വേരിയന്റിലും അലോയ് വീലുകള്‍ ഉള്‍പ്പെടുത്തി. ഹോണ്ടയുടെ സ്മാര്‍ട്ട് കീ ഫീച്ചറാണ് മറ്റൊരു ആകര്‍ഷണം. 5.77 കി.വാട്ട് പവറും 8.90 എന്‍.എം ടോര്‍ക്കും നല്‍കുന്ന 109.51സിസി, സിംഗിള്‍ സിലിണ്ടര്‍, ബിഎസ്6 ഒബിഡി2 അനുസൃത പിജിഎം-എഫ്ഐ എഞ്ചിനാണ് ലിമിറ്റഡ് എഡിഷന്റെ കരുത്ത്. 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആക്ടീവ ഇന്ത്യന്‍ ഇരുചക്രവാഹന വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സംത്യപ്തരാക്കുകയും ചെയ്തിട്ടുണ്ടെന്ന് പുതിയ ഹോണ്ട ആക്ടീവ ലിമിറ്റഡ് എഡിഷന്റെ അവതരണത്തെ കുറിച്ച് സംസാരിച്ച, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.

ആകര്‍ഷകമായ ഡിസൈനും, മികച്ച നൂതന സവിശേഷതകളും വിശ്വസനീയമായ എഞ്ചിനുമായി ആക്ടീവ ലിമിറ്റഡ് എഡിഷന്‍ ഉത്സവ സീസണിന് മുന്നോടിയായി അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.