ഹോണ്ട പുതിയ 2023 സിഡി110 ഡ്രീം ഡീലക്സ് അവതരിപ്പിച്ചു

Posted on: August 12, 2023

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ 2023 സിഡി110 ഡ്രീം ഡീലക്സ് അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും, മെച്ചപ്പെടുത്തിയ സുഖസൗകര്യങ്ങളും, ആകര്‍ഷകമായ സ്റ്റൈലിങും ഉപയോഗിച്ച് പുനര്‍നിര്‍വചിക്കുന്നതാണ് ഹോണ്ടയുടെ ഈ പുതിയ മോഡല്‍. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ ഒബിഡി-2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎംഎഫ്ഐ എഞ്ചിനാണ് പുതിയ മോഡലിന്. എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (പിജിഎംഎഫ്ഐ), ഫ്രിക്ഷന്‍ റിഡക്ഷന്‍ എന്നിവയുടെ സംയോജനമാണ് എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍. ഉയര്‍ന്ന നിലവാരമുള്ള ട്യൂബ്ലെസ് ടയറുകള്‍, സുരക്ഷിത യാത്രക്ക് ഇന്‍ബില്‍റ്റ് സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍ എന്നീ നൂതന സാങ്കേതികവിദ്യകളും പുതിയ 2023 സിഡി110 ഡ്രീം ഡീലക്സിലുണ്ട്.

സൗകര്യപ്രദമായ വേഗതക്കും രാത്രി സവാരിക്കും മികച്ച പ്രകാശം നല്‍കുന്ന ഡിസി ഹെഡ്ലാമ്പ്, സിംഗിള്‍ സ്വിച്ചില്‍ നിന്ന് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സൗകര്യം നല്‍കുന്ന എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, 720 മി.മീ നീളമുള്ള വലിയ സീറ്റ്, ഈക്വലൈസറോട് കൂടിയ കോംബി ബ്രേക്ക് സിസ്റ്റം (സിബിഎസ്), അറ്റകുറ്റപ്പണികള്‍ കുറയ്ക്കാന്‍ 4എഎച്ച് എംഎഫ് ബാറ്ററി, വിസ്‌കോസ് പേപ്പര്‍ ഫില്‍ട്ടര്‍ എന്നീ നൂതന സൗകര്യങ്ങളും പുതിയ മോഡലില്‍ ഉള്‍പ്പെടുത്തി.

സ്റ്റൈലിഷ് ഗ്രാഫിക്സും, ആകര്‍ഷകമായ വൈസറും ഫെന്‍ഡറും പുതിയ 2023 സിഡി110 ഡ്രീം ഡീലക്സിന് കൂടുതല്‍ രൂപഭംഗി നല്‍കും. മനോഹരമായ ക്രോം മഫു കവറും അഞ്ച് സ്പോക്ക് സില്‍വര്‍ അലോയ് വീലുകളും വാഹനത്തിന്റെ ആകര്‍ഷണം കൂട്ടുന്നു. ഉപഭോക്താക്കള്‍ക്കായി പ്രത്യേക പത്ത് വര്‍ഷ (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍) വാറന്റി പാക്കേജും പുതിയ മോഡലിനൊപ്പം ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് വിത്ത് റെഡ്, ബ്ലാക്ക് വിത്ത് ബ്ലൂ, ബ്ലാക്ക് വിത്ത് ഗ്രീന്‍, ബ്ലാക് വിത്ത് ഗ്രേ എന്നിങ്ങനെ ആകര്‍ഷകമായ നാല് നിറങ്ങളില്‍ പുതിയ സിഡി110 ഡ്രീം ഡീലക്സ് ലഭ്യമാകും. 73,400 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.

ഒബിഡി-2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ സിഡി110 ഡ്രീം ഡീലക്സിന്റെ അവതരണത്തോടെ, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെ താങ്ങാനാവുന്ന വിലയും പ്രകടനവും പുനര്‍നിര്‍വചിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ബ്രാന്‍ഡ് സിഡിയുടെ സമ്പന്നമായ പൈതൃകത്തെ അടിസ്ഥാനമാക്കി, പുതിയ സിഡി110 ഡ്രീം ഡീലക്സ് അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.