ഹോണ്ട ഒബിഡി 2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഡിയോ അവതരിപ്പിച്ചു

Posted on: June 13, 2023

കൊച്ചി : സ്മാര്‍ട്ട് കീ ഉള്‍പ്പെടെയുള്ള പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 2023 ഡിയോ പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 110സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ ഡിയോ മോഡലിന്. യുണീക്ക് ഹോണ്ട എസിജി സ്റ്റാര്‍ട്ടര്‍, പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (പിജിഎം-എഫ്ഐ), മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് ടംബിള്‍ ടെക്നോളജി, ഫ്രിക്ഷന്‍ റിഡക്ഷന്‍ എന്നിവയുടെ സംയോജനമാണ് എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍. 70,211 രൂപയാണ് ഡല്‍ഹി എക്സ് ഷോറും പ്രാരംഭ വില.

ഹോണ്ട സ്മാര്‍ട്ട് കീയാണ് പുതിയ ഡിയോ മോഡലിന്റെ ഏറ്റവും പ്രധാന സവിശേഷത. വാഹനം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്മാര്‍ട്ട് ഫൈന്‍ഡ്, ഫിസിക്കല്‍ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും കഴിയുന്ന സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് കീ വാഹനത്തിന്റെ രണ്ട് മീറ്റര്‍ പരിധിക്കുള്ളിലാണെങ്കില്‍ റൈഡറെ സുഗമമായി വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്ന സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, വാഹന മോഷണം തടയുന്ന സ്മാര്‍ട്ട് സേഫ് എന്നീ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹോണ്ട സ്മാര്‍ട്ട് കീ.

12 ഇഞ്ച് ഫ്രണ്ട് വീലോടു കൂടിയ ടെലിസ്‌കോപിക് സസ്പെന്‍ഷന്‍, 18 ലിറ്റര്‍ സ്റ്റോറേജ്, രണ്ട് ലിഡ് ഫ്യുവല്‍ ഓപ്പണിങ് സിസ്റ്റം, ലോക്ക് മോഡ്, എന്‍ജിന്‍ സ്റ്റാര്‍ട്ട് /സ്റ്റോപ് സ്വിച്ച്, ഫ്രണ്ട് പോക്കറ്റ്, പാസിങ് സ്വിച്ച്, മൂന്ന് തലങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ സസ്പെന്‍ഷന്‍ തുടങ്ങിയവയാണ് 2023 ഡിയോ മോഡലിന്റെ മറ്റു സവിശേഷതകള്‍. ഈ രംഗത്ത് ആദ്യമായി പത്തുവര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും ഹോണ്ട ഡിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള തങ്ങളുടെ നിരന്തര ശ്രമങ്ങളുടെ സാക്ഷ്യമാണ് പുതിയ ഡിയോ എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒടാനി പറഞ്ഞു.

പുതിയ 2023 ഡിയോ അതിന്റെ പുതിയ സ്പോര്‍ട്ടി അഗ്രസീവ് ഡിസൈനും നൂതന സാങ്കേതികവിദ്യയും കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ പുതിയ ആവേശം സൃഷ്ടിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

 

TAGS: Honda Dio 2023 |