ഹൈക്കോണ്‍ ഇ ഓട്ടോ ‘ഹിറ്റോ’ വിപണിയിലേക്ക്

Posted on: February 16, 2021

തൃശൂര്‍: ഊര്‍ജസംരക്ഷണവും മലിനീകരണനിയന്ത്രണവും ലക്ഷ്യമിട്ടുള്ള ഹൈക്കോണ്‍ ഇലക്ട്രോണിക് ഓട്ടോറിക്ഷ വിപണിയിലേക്ക്. കിലോമീറ്ററിനു 10 പൈസ മാത്രം ചെലവു വരുമെന്ന് അവകാശപ്പെടുന്ന ഓട്ടോയുടെ നിര്‍മാണ യൂണിറ്റ് പ്ലാന്റ് 17 ന് ഉച്ചയ്ക്ക് രണ്ടകാലിന് മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ക്രിസ്റ്റോ ജോര്‍ജ് അറിയിച്ചു. ലിഥിയം ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇ-ഓട്ടോ താമസിയാതെ വിപണിയിലെത്തും.

സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ ഇറക്കുന്ന ആദ്യ ഇ ഓട്ടോയാണിത്. അടുത്ത അഞ്ചുവര്‍ഷത്തിനകം ഗതാഗതം, ഊര്‍ജം എന്നീ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നതു കണക്കിലെടുത്താണ് ഹൈക്കോണ്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍നിന്നോ വാഹനത്തില്‍ സോളാര്‍ സംവിധാനം ഘടിപ്പിച്ചോ ഇ-ഓട്ടോ ചാര്‍ജ് ചെയ്യാനാകും. 80 രൂപ ചെലവു വരുന്ന 10 യുണിറ്റ് വൈദ്യുതി ഉപയോഗിച്ച് 200 കിലോ മീറ്റര്‍ ഓടാം. അഞ്ചു കിലോവാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ രണ്ടു മണിക്കൂര്‍ കൊണ്ട് മുഴുവനായി ബാറ്ററി ചാര്‍ജ് ചെയ്യാം. സാധാരണ പവര്‍ പ്ലഗ് ഉപയോഗിച്ചാണെങ്കില്‍ 5.50 മണിക്കൂര്‍ കൊണ്ട് മുഴുവനായിചാര്‍ജ് ചെയ്യാം. 200 കിലോ മീറ്റര്‍ ഓടാന്‍ ഇ ഓട്ടോയ്ക്ക് പരമാവധി 100 രൂപ മാത്രം ചെലവ് അവകാശപ്പെടുമ്പോള്‍ ഡീസല്‍ വാഹനത്തി
ന് 571 രൂപയാണ് ചെലവ്. 2.95 ലക്ഷമാണ് ഓണ്‍റോഡ് നിരക്ക്. വെള്ളിക്കുളങ്ങരയിലാണ് ഫാക്ടറി. സാധാരണ ഇലക്ട്രോണിക് ഓട്ടോകളുടെ ഇരട്ടി വേഗവും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നുവെന്നും
നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആര്‍. ഹരികുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ രാഹുല്‍ വാര്യര്‍ എന്നിവരും പ്രതസമ്മേളനത്തില്‍ പങ്കെടുത്തു.

 

TAGS: Hykon E Auto |