ജൂണിലെ വില്‍പ്പന മൂന്നു ലക്ഷം യൂണിറ്റിനു മുകളിലെത്തിച്ച് ഹോണ്ട

Posted on: July 3, 2020

കൊച്ചി  :  രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ജൂണിലെ വില്‍പ്പന 156 ശതമാനം വര്‍ധനയോടെ മൂന്നു ലക്ഷം യൂണിറ്റിനു മുകളിലെത്തി. മേയിലെ വില്‍പ്പന 1.15 ലക്ഷം യൂണിറ്റായിരുന്നു. ജൂണിലെ വിതരണം നാലിരട്ടിയായതോടെ 210879 യൂണിറ്റിലെത്തി. മേയിലിത് 54820 യൂണിറ്റായിരുന്നു.

ജൂണ്‍ ആദ്യവാരത്തോടെ ഹോണ്ടയുടെ റീട്ടെയില്‍ ശൃംകലയിലെ 95 ശതമാനം വില്‍പ്പനശാലകളും സര്‍വീസ് സെന്ററുകളും സുരക്ഷിത സംവിധാനങ്ങളോടെ പ്രവര്‍ത്തനം തുടങ്ങിയതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ അറിയിച്ചു. ഈകാലയളവില്‍ 22 ലക്ഷത്തിലധികം വാഹനങ്ങള്‍ സര്‍വീസ് നല്‍കുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ യാത്രയ്ക്ക് സ്വന്തം വാഹനങ്ങളെ ആശ്രയിച്ചു തുടങ്ങിയത് പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ പുതിയ ഡിമാണ്ട് കണക്കിലെടുത്ത് ഒരു മാസത്തിനുള്ളില്‍ ഹോണ്ട നാല് ബിഎസ്-6 മോഡലുകള്‍ പുറത്തിറക്കിയെന്നും അദ്ദേഹം അറിയിച്ചു. സിഡി 110 ഡ്രീം, ഗ്രേസിയ 125, 2020 ആഫ്രിക്ക ട്വിന്‍, ലിവോ എന്നിവയാണ് കമ്പനി പുറത്തിറക്കിയിട്ടുള്ള പുതിയ മോഡലുകള്‍. ഇതോടെ ബിഎസ് 6 വിഭാഗത്തില്‍ ഒമ്പതു മോഡലുകള്‍ കമ്പനി ലഭ്യമാക്കിക്കഴിഞ്ഞു.