ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ കോണ്‍ടാക്റ്റ്ലെസ് സര്‍വീസ് ലഭ്യമാക്കി മഹീന്ദ്ര

Posted on: May 15, 2020

കൊച്ചി : മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം ആന്‍ഡ് എം ലിമിറ്റഡ്) വാഹന ഉടമകള്‍ക്കായി സുരക്ഷിതമായ ‘കോണ്‍ടാക്റ്റ്ലെസ് സര്‍വീസ് എക്സ്പീരിയന്‍സ്’ പ്രഖ്യാപിച്ചു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ രംഗത്ത് ആദ്യമായി സ്പര്‍ശനരഹിത സര്‍വീസ് അനുഭവം ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി ഉടമകള്‍ക്ക് അവരുടെ വാഹനം സര്‍വീസ് ചെയ്യുമ്പോള്‍ ഏതെങ്കിലും പേപ്പര്‍ രേഖകളുമായി ഷോറൂമില്‍ നേരിട്ട് ബന്ധപ്പെട്ടുന്നതും പണമിടപാടുകള്‍ നേരിട്ട് നടത്തുന്നതും ഒഴിവാക്കാനാവും.

സര്‍വീസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും കമ്പനിയുടെ വിത്ത് യു ഹമേശ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കും. വാഹനത്തിന്റെ അറ്റകുറ്റപ്പണി ഓര്‍ഡറുകള്‍ക്കായി ഉപയോഗിച്ച പാര്‍ട്സുകള്‍, നടപ്പിലാക്കിയ തൊഴില്‍ പ്രവര്‍ത്തനങ്ങള്‍, ആവശ്യമായ അംഗീകാരങ്ങളും പേയ്മെന്റുകളും ഓണ്‍ലൈനില്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ ആപ്പ് വഴി കാണാം.

സര്‍വീസ് ബേയില്‍ നിന്നുള്ള അറ്റകുറ്റപ്പണികളുടെ തത്സമയ വീഡിയോ സ്ട്രീമിംഗ് ഉടമകള്‍ക്ക് ലഭ്യമാക്കുന്ന കസ്റ്റമര്‍ ലൈവ് സേവനവും ഇന്ത്യയില്‍ ഇതാദ്യമായി മഹീന്ദ്ര അവതരിപ്പിച്ചു. ആവശ്യമുള്ളപ്പോഴെല്ലാം വര്‍ക്ക്ഷോപ്പിലെ അറ്റകുറ്റപ്പണികള്‍ തത്സമയം ത്രീഡി ഇമേജ് വഴി വിശദീകരിക്കാന്‍ സര്‍വീസ് കേന്ദ്രങ്ങള്‍ സജ്ജമായിരിക്കും. ഇതിന് പുറമെ മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് അവരുടെ സേവനവുമായി ബന്ധപ്പെട്ട രേഖകളും ഏറ്റവും പുതിയ വിവരങ്ങളും വിത്ത് യു ഹമേശ വാട്ട്സ്ആപ്പ് അക്കൗണ്ട് (72080 71495) നമ്പര്‍ വഴി വാട്ട്സ്ആപ്പില്‍ എളുപ്പത്തില്‍ നേടാനും കഴിയും.

ഉപഭോക്താക്കള്‍ക്കും ഡീലര്‍ ജീവനക്കാര്‍ക്കും ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശനമായ മാര്‍ഗ നിര്‍ശേദശങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പന, സേവന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും കമ്പനി അറിയിച്ചു.

ഈ സമയത്ത്, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസരഹിതമായ സേവനങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കുന്നത് വളരെ പ്രധാനമാണെന്നും, എല്ലാ പുതിയ രീതികളും പ്രയോജനപ്പെടുത്തുവാന്‍ തങ്ങള്‍ ഉപഭോക്താക്കളെ ക്ഷണിക്കുകയാണെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ സി.ഇ.ഒ വിജയ് നക്ര പറഞ്ഞു.

TAGS: Mahindra |