കെ. എല്‍. 07 ഇനി എറണാകുളത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം

Posted on: February 6, 2020

കാക്കനാട് : കെ. എല്‍. 07 രജിസ്‌ട്രേഷന്‍ നമ്പറിനായി താത്കാലിക വിലാസം നല്‍കുന്ന വാഹന ഉടമകള്‍ക്ക് വിലക്ക് വീഴുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള രജിസ്‌ട്രേഷനായ കെ. എല്‍. 07 ഇനി ചുളുവില്‍ നല്‍കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

എറണാകുളം ജില്ലയില്‍ത്തന്നെ മറ്റ് സബ് ആര്‍.ടി. ഓഫീസുകളായ ആലുവ, പെരുമ്പാവൂര്‍, പറവൂര്‍ തുടങ്ങിയവയുടെ പരിധിയില്‍ താമസിക്കുന്നവര്‍ എറണാകുളം നഗരത്തിലെ രജിസ്‌ട്രേഷനായ കെ. എല്‍ 07 – ന് വേണ്ടി വ്യാപകമായി തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ നടപടിയെന്ന് വാഹന ഡീലര്‍മാരുടെ യോഗത്തില്‍ എറണാകുളം ആര്‍. ടി. ഒ. കെ. മനോജ് കുമാറും ജോയിന്റ് ആര്‍.ടിഒ. കെ. മനോജ് വ്യക്തമാക്കി.
കൊച്ചി നഗരത്തില്‍ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാര്‍ ഉള്‍പ്പെടെ ജോലിസ്ഥലത്തെ താത്കാലിക വിലാസം ഉപയോഗിച്ചാണ് ഈ സ്വപ്‌നരജിസ്‌ട്രേഷന്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ജില്ലയില്‍ത്തന്നെ താമസിക്കുന്നവര്‍ അത ത് പ്രദേശത്തുള്ള ആര്‍. ടി. ഓഫീസിലാണ് വാഹനം രജിസട്രേഷന്‍ നടത്തേണ്ടത്. താത്കാലിക വിലാസമായി സിറ്റിയിലെ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സാക്ഷ്യ പത്രം രജിസ്‌ട്രേഷനായി നല്‍കുമ്പോള്‍, ഇവര്‍ക്ക് ജില്ലയില്‍ മേല്‍ വിലാസം ഉണ്ടോയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നല്‍കാവുയെന്ന് വാഹന ഡീലര്‍മാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും യോഗത്തില്‍ കര്‍ശനനിര്‍ദേശം നല്‍കി.

ജോലി സംബന്ധമായി നഗരത്തില്‍ താമസിക്കുന്ന ഇതര ജില്ലക്കാര്‍ ഇങ്ങനെ രജിസ്‌ട്രേഷന്‍ നേടുന്നതില്‍ തെറ്റില്ലെങ്കിലും ജില്ലയിലെ മറ്റ് സബ് ആര്‍.ടി. ഓഫീസുകളുടെ പരിധിയിലുള്ള വരെ, അവിടെത്തന്നെ രജിസ്‌ട്രേഷന്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

പുതിയ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ക്ക് പകരം സാധാരണ നമ്പര്‍പ്ലേറ്റുകള്‍ കണ്ടാല്‍ ഡീലര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. രജിസ്‌ട്രേഷന് ശേഷം വിതരണക്കാര്‍തന്നെ വാഹനത്തില്‍ നമ്പര്‍പ്ലേറ്റ് റിവേറ്റ് ചെയ്ത് നല്‍കുകയും വാഹന്‍ സൈറ്റിലേക്ക് ഫോട്ടോ അപ് ലോഡ് ചെയ്യുകയും വേണമെന്ന് ചട്ടം. ഇതിന് ശേഷമെ ആര്‍.സി.പ്രിന്റ് ചെയ്യാവൂ എന്നിരിക്കെ, ചില വിതരണക്കാര്‍ ഇത് കൈയില്‍ കൊടുത്തുവിടുകയും ഉടമകള്‍ മറ്റ് പ്ലേറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലാണ്. വിതരണക്കാര്‍ ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും ആര്‍. ടി. ഒ. പറഞ്ഞു.