ഹൈടെക് ഓപ്ഷനുകളുമായി പുതിയ മിനി 5 ഡോർ

Posted on: November 20, 2014

BMW-MINI-5-door-Mr-Philipp-

പുതിയ ബിഎംഡബ്ല്യു മിനി 3 ഡോറും 5 ഡോറും ഇന്ത്യയിൽ അവതരിപ്പിച്ചു. മുംബൈ മെഹബൂബ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ പൂർണമായും പുതിയ പ്ലാറ്റ്‌ഫോമിലുള്ള മിനി 5 ഡോർ അവതരിപ്പിച്ചത്. വിപ്ലവകരമായ ഡിസൈനും ഇന്ധനക്ഷമതയുള്ള എൻജിനുകളും ഡ്രൈവിംഗ് ആനന്ദകരമാക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോൻ സഹർ പറഞ്ഞു.

ഹൈടെക് ഓപ്ഷനുകളുള്ള ചെറുകാറാണ് പുതിയ മിനി. 6.5 ഇഞ്ച് സെൻട്രൽ ഡിസ്‌പ്ലേ സിസ്റ്റം, സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കാവുന്ന മിനി കണക്ടർ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യമീഡിയകളിൽ മുഴുകാൻ സഹായിക്കും. വെബ് റേഡിയോ വഴി ലോകത്തിലെ എല്ലാ റേഡിയോ സ്‌റ്റേഷനുകളിൽ നിന്നുമുള്ള സംഗീതം സ്ട്രീം ചെയ്യാം. നാവിഗേഷൻ സിസ്റ്റം, മിനി ഹെഡ് അപ്പ് ഡിസ്‌പ്ലേ, ഹർമാൻ കർദേൻ ഹൈ-ഫൈ തുടങ്ങിയ നിരവധി സവിശേഷതകൾ മിനിയിലുണ്ട്.

പെട്രോൾ എൻജിനുള്ള മിനി കൂപ്പർ എസ് 3 ഡോറിന് നൂറു കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 6.7 സെക്കൻഡ് മാത്രം. പരമാവധി വേഗം മണിക്കൂറിൽ 233 കിലോമീറ്റർ.

മിനി കൂപ്പർ ഡി 3 ഡോറിനും ഡി 5 ഡോറിനും കരുത്ത് പകരുന്നത് 1.5 ലിറ്റർ 3 സിലിണ്ടർ ട്വിൻപവർ ടർബോ ഡീസൽ എൻജിനാണ്. നൂറു കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 9.2 സെക്കൻഡ് മാത്രം. പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ.

പുതിയ മിനി കൂപ്പർ ഡി 3 ഡോറിന് 31,85,000 രൂപയും ഡി 5 ഡോറിന് 35,20,000 രൂപയുമാണ് എക്‌സ്‌ഷോറൂം വില. രണ്ട് നോൺമെറ്റാലിക് ഉൾപ്പടെ 11 വ്യത്യസ്ത നിറങ്ങളിൽ മിനി കൂപ്പർ തെരഞ്ഞെടുക്കാനാവും.