കേരള എക്‌സൈസ് വകുപ്പിന് 65 ടിയുവി 300 എസ് യുവികള്‍ മഹീന്ദ്ര കൈമാറി

Posted on: November 12, 2019

കൊച്ചി : മഹീന്ദ്ര, കേരളത്തിലെ എക്‌സൈസ് വകുപ്പിന് 65 ടിയുവി എസ്‌യുവികള്‍ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എക്‌സൈസ് – തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.

എക്‌സൈസ് വകുപ്പിനെ നവീകരിക്കുന്നതിന്റയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് 65 മഹീന്ദ്ര ടിയുവി 300 എസ്‌യുവികളെ സര്‍ക്കാര്‍ വാങ്ങിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റയും ദുരുപയോഗം തടഞ്ഞ് സന്തോഷകരവും സമാധാനപരവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് എക്‌സൈസ് വകുപ്പിനൊപ്പം അഭിമാനപൂര്‍വം ടിയുവി 300 എസ്‌യുവികള്‍ അണിചേരും.

നാലു മീറ്ററില്‍ താഴെ നീളമുള്ള മഹീന്ദ്ര ടിയുവി 300 ഏഴ് സീറ്റര്‍ എസ്‌യുവിയാണ്. മെച്ചപ്പെട്ട പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്ന 100 ബിഎച്ച്പി -240 എന്‍എം ശേഷിയുള്ള 1.5 ലീറ്റര്‍, എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഇതിന് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ ടിയുവി 300 അനുദിനം പെരുമ നേടിക്കൊണ്ടിരിക്കുകയാണ്.

പുറത്തിറങ്ങി ഇന്നോളം ഒരു ലക്ഷത്തിലേറെ ടിയുവി 300 നിരത്തിലിറങ്ങിയിട്ടുണ്ട്. കാലങ്ങളായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ ഇഷ്ടവാഹനങ്ങള്‍ മഹീന്ദ്രയുടേതാണ്. പട്രോളിങ് ജോലികള്‍ക്കായി ടിയുവി 300 പ്ലസ് എന്ന ഒമ്പത് സീറ്റര്‍ പതിപ്പാണ് പൊലീസ് സേനകള്‍ ഉപയോഗിക്കുന്നത്.

TAGS: Mahindra TUV300 |