മെഴ്സിഡസ് ബെന്‍സ് ജി 350 ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on: October 17, 2019

മുംബൈ: മെഴ്സിഡസ് ജി-ക്ലാസിലെ ഏറ്റവും മികച്ച ജി 350 ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡീസല്‍ പതിപ്പിന്റെ മികവു കൂടി പകര്‍ന്ന് തങ്ങളുടെ എസ്യുവി ശ്രേണി കൂടുതല്‍ ശക്തമാക്കിക്കൊണ്ടാണ് ജി 350 ഡിയുടെ കടന്നു വരവ്. മുംബൈയില്‍ നടന്ന ചടങ്ങില്‍ മെഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് ആണ് ജി 350 ഡി പുറത്തിറക്കിയത്.

പുതിയ യുറോ 6ഡി-ടെംപ് സ്റ്റാന്‍ഡേര്‍ഡ് എഞ്ചിന്‍, 9ജി-ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തുടങ്ങിയവയുമായി എത്തുന്ന ജി 350 ഡി വെറും 7.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ പര്യാപ്തമാണ്. 2925 സിസി, 210 കെഡബ്ല്യു, 286 എച്ച്പി, 600 എന്‍എം എന്നിവയാണ് മറ്റു സവിശേഷതകള്‍. 79,500 രൂപയുടെ രണ്ടു വര്‍ഷ സര്‍വീസ് പാക്കേജുകളും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

1979-ല്‍ അവതരിപ്പിച്ചതു മുതല്‍ ലോകത്തു സാമ്യങ്ങളില്ലാതെ മുന്നേറുന്ന ജി-ക്ലാസ് ഓഫ് റോഡ് വാഹനങ്ങളിലെ ആഡംബരത്തിന്റെ മാനദണ്ഡമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മെഴ്സിഡസ് ഇന്ത്യ എം.ഡി. മാര്‍ട്ടിന്‍ ഷ്വെങ്ക് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മെഴ്സിഡസ് ഉപഭോക്താക്കള്‍ക്കും ആരാധകര്‍ക്കും വേണ്ടി ഇതാദ്യമായി ഡീസല്‍ ജി-ക്ലാസ് അവതരിപ്പിച്ചിരിക്കുകയാണ്. അതിരുകളില്ലാത്ത പേഴ്സണലൈസേഷന്‍ ലഭ്യമായ ഇതൊരു ലൈഫ് സ്‌റ്റൈല്‍ വാഹനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു അവതരണമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോര്‍ക്കിന്റെ 40 ശതമാനവും മുന്നിലെ ആക്സിലില്‍ ലഭിക്കും വിധമാണ് ഈ 9ജി-ട്രോണിക് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്റെ സ്ഥിരമായ ഫോര്‍ വീല്‍ ഡ്രൈവ് പരമാവധി ഘര്‍ഷണവും ഉറപ്പാക്കും. ഇന്റീരിയറിലും എക്സ്ടീരിയറിലും പരമാവധി സവിശേഷതകളുമായി എത്തുന്ന ഇത് നിര്‍മിക്കുവാനായി കുറഞ്ഞത് 100 മണിക്കൂറെങ്കിലും ആവശ്യമാണെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. 1.5 കോടി രൂപ മുതലാണ് ജി 350 ഡി യുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില.

TAGS: Mercedes-Benz |