എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ യൂണിറ്റ് ഹലോളിൽ

Posted on: October 1, 2017

കൊച്ചി : യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓട്ടോമോട്ടീവ് സ്ഥാപനമായ എംജി മോട്ടോർ ഇന്ത്യയിലെ ആദ്യത്തെ ഉത്പാദന യൂണിറ്റ് ഹലോളിൽ തുറക്കുന്നു. 2000 കോടി രൂപയാണ് പ്രാഥമിക മുതൽമുടക്ക്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 80,000 യൂണിറ്റ് ആണ് ശേഷി. 2019 മുതൽ പുതിയ പ്ലാന്റിൽ നിന്നും എംജിയുടെ ഉത്പന്നങ്ങൾ വിപണിയിൽ എത്തും.

ഗുജറാത്തിലെ ഹലോളിൽ 170 ഏക്കറിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന ഫാക്ടറി 2019 ൽ പൂർത്തിയാകും. ഇതിനകം തന്നെ 70 പേരെ നിയമിച്ചിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ എന്നിവയുടെ ഭാഗമായി നിരവധി പേർക്ക് ഇനിയും നേരിട്ടും അല്ലാതെയും തൊഴിൽ അവസരങ്ങൾ ലഭിക്കും.

ഗുജറാത്തിന് പ്രാദേശിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതു പോലെ തന്നെ ഒരുപാടു നേട്ടങ്ങൾ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും എംജി മോട്ടോർ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി. ബാലേന്ദ്രൻ പറഞ്ഞു. യുകെയിൽ 1924 ൽ സ്ഥാപിച്ച ബ്രാൻഡിന് ഇന്ത്യയിൽ 500 ഉടമകളുണ്ടെന്നും ഇവരും നിരവധി ആരാധകരും ബ്രാൻഡിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ ആകാംക്ഷയിലാണെന്നും 2019 ൽ ഇവിടെ നിന്നും എംജിയുടെ ഡിഎൻഎയും ആധുനിക ബ്രിട്ടീഷ് രൂപകൽപ്പനയും ചേർന്ന ആദ്യ ഉത്പന്നം പുറത്തിറങ്ങുമെന്നും അദേഹം കൂട്ടിചേർത്തു.