പ്രായോഗിക സമീപനത്തോടെയുള്ള ബജറ്റെന്ന് പി. ബാലേന്ദ്രൻ

Posted on: February 2, 2018

മുംബൈ : ഗ്രാമീണ സാമ്പത്തികശാക്തീകരണം, കൃഷി, ജലസേചനം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകി ജനങ്ങളുടെ സാമൂഹ്യക്ഷേമം ഉറപ്പാക്കുന്നതിന് പ്രായോഗിക സമീപനം സ്വീകരിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എം ജി മോട്ടോർ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി. ബാലേന്ദ്രൻ പറഞ്ഞു.

സാമ്പത്തികമേഖലയ്ക്ക് ആകെ ഉത്തേജനം പകരുന്നതും കാർഷിക വരുമാനം മെച്ചപ്പെടുത്താനും കുറഞ്ഞ ചെലവിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായോഗിക സമീപനം സ്വീകരിച്ചിട്ടുള്ളതായി കാണാം. സ്‌കിൽ ഇന്ത്യ, സ്വച്ഛ് ഭാരത് പദ്ധതികളുടെ ഭാഗമായി ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, ഗാർഹിക, സാനിട്ടേഷൻ തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയത് പ്രോത്സാഹനാർഹമാണ്. ഇടത്തരം ചെറുകിട മേഖലക്ക് നികുതി നിരക്കിൽ വരുത്തിയ പരിഷ്‌കാരങ്ങൾ നല്ല തുടക്കമാണ്. ഈ മേഖലയ്ക്ക് ഉത്തേജനം പകരുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായത്. ബജറ്റിലെ നിർദേശങ്ങളും പ്രഖ്യാപനങ്ങളും സമയബന്ധിതമായി നടപ്പാക്കിയാൽ വ്യവസായ, സാമ്പത്തിക കുതിപ്പിന് ആക്കം കൂട്ടും.

ഓട്ടോമൊബൈൽ വ്യവസായത്തെ സംബന്ധിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് നൽകിയ ഊന്നൽ, ലളിതമായ ക്രെഡിറ്റ് വ്യവസ്ഥകൾ, ദേശീയപാത നിർമാണം, ഗ്രാമീണ റോഡ് ബന്ധിപ്പിക്കൽ, തുടങ്ങിയവ ആശാവഹമാണ്. ഭാവനമേഖലയ്ക്ക് നൽകിയ മുൻഗണനയും ആഹ്ലാദം പകരുന്നു. ഓട്ടോ വ്യവസായ മേഖല ഗ്രീനർ, ക്ലീനർ സാങ്കതിക വിദ്യകളിലേക്ക് മാറുകയും ഇലക്ട്രിക് വാഹനങ്ങളുടെ കടന്നു വരവ് സഹാക്തമാവുകയും ചെയ്ത കാലഘട്ടത്തിൽ, ഈ മേഖലയിൽ കൂടുതൽ ഗവേഷണ, വികസന പരിപാടികൾ നടപ്പാക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണ സാമഗ്രികളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. പഴയ കാറുകൾ ഉപേക്ഷിക്കാൻ ഉപഭോക്താക്കൾക്ക് ഇൻസെന്റീവ് സംവിധാനം ഏർപ്പെടുത്തിയാൽ ഗ്രീനർ സാങ്കേതികവിദ്യയിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാകുമെന്നും പി. ബാലേന്ദ്രൻ പറഞ്ഞു.