ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ് യു വി

Posted on: November 15, 2016

hyundai-tucson-front-big

 

ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ പ്രീമിയം എസ് യു വിയായ ട്യൂസോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വൈ. കെ. കു, ഡയറക്ടർ (സെയിൽ ആൻഡ് മാർക്കറ്റിംഗ് ) ബി. എസ്. ജിയോംഗ്, സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) രാകേഷ് ശ്രീവാസ്തവ എന്നിവർ ചേർന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ട്യൂസോൺ പുറത്തിറക്കിയത്.

ആഗോളതലത്തിൽ 45 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ ട്യൂസോണിന്റെ മൂന്നാം തലമുറയാണ് ഇന്ത്യയിൽ ലോഞ്ച്‌ചെയ്തിട്ടുള്ളത്. സാന്റാഫെ ക്രെറ്റ എന്നിവയ്ക്കു ശേഷം ഹ്യുണ്ടായ് ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ എസ് യു വിയാണ് ട്യൂസോൺ. 2.0 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് ട്യൂസോണിന്റെ കരുത്ത്.

മാനുവൽ ട്രാൻസ്മിഷൻ സംവിധാനമുള്ള പെട്രോൾ വേരിയന്റ് 6000 ആർപിഎമ്മിൽ 155 പിഎസ് കരുത്തും ലിറ്ററിന് 13.03 കിലോമീറ്റർ മൈലേജും നൽകും. പെട്രോൾ ഓട്ടോമാറ്റിക്കിന് 12.95 കിലോമീറ്ററാണ് മൈലജ്.

മാനുവൽ ട്രാൻസ്മിഷൻ സംവിധാനമുള്ള ഡീസൽ വേരിയന്റ് 4000 ആർപിഎമ്മിൽ 185 പിഎസ് കരുത്തും 18.42 കിലോമീറ്റർ മൈലേജും ലഭിക്കും. ഡീസൽ ഓട്ടോമാറ്റിക്കിന്റെ ഇന്ധനക്ഷമത ലിറ്ററിന് 16.38 കിലോമീറ്റർ.

ആറ് എയർബാഗുകൾ, പുഡിൽ ലാമ്പ്, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസേഴ്‌സ് തുടങ്ങിയ നിരവധി സവിശേഷതകൾ പുതിയ ട്യൂസോണിലുണ്ട്.

മാനുവൽ പെട്രോൾ വേരിയന്റിന് 18.99 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില. മാനുവൽ ഡീസൽ മോഡലുകൾക്ക് 21.59 ലക്ഷവും 23.48 ലക്ഷവും രൂപ. പെട്രോൾ ഓട്ടോമാറ്റിക്കിന് 21.79 ലക്ഷം രൂപയും ഡീസൽ ഓട്ടോമാറ്റിക്കിന് 24.99 ലക്ഷം രൂപയുമാണ് വില. ടൊയോട്ട ഫോർച്യൂണർ, ഹോണ്ട സിആർവി, ഫോർഡ് എൻഡവർ എന്നിവയോടാണ് ട്യൂസോൺ മത്സരിക്കുന്നത്.