മഹീന്ദ്രയുടെ ഇലക്ട്രിക് കാർ – ഇ വെരിറ്റോ

Posted on: June 3, 2016

Mahindra-eVerito-side-Bigന്യൂഡൽഹി : മഹീന്ദ്ര & മഹീന്ദ്ര ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സെഡാൻ – ഇ വെരിറ്റോ വിപണിയിൽ അവതരിപ്പിച്ചു. 1.45 മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ്ജ് ആകും. ഇത്രയും ചാർജ്ജുകൊണ്ട് 110 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് നിർമാതാക്കൾ പറയുന്നത്. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് സഞ്ചരിക്കാനുള്ള ചെലവ് കിലോമീറ്ററിന് 1.15 രൂപ വരുമെന്നും കമ്പനി പറയുന്നു. ചാർജ് തീർന്നു പോയാലും ഭയപ്പെടാനില്ല. ബാറ്ററി ഉപയോഗിച്ച് 8 കിലോമീറ്റർ കൂടി പിന്നിടാനാകും.

മണിക്കൂറിൽ 86 കിലോമീറ്ററാണ് പരമാവധി സ്പീഡ്. വീടുകളിൽ നിന്നും എളുപ്പം ചാർജ്ജ് ചെയ്യാനാകും. ഇ വെരിറ്റോയുടെ അഴകളവുകൾ : നീളം 4,277 മില്ലിമീറ്റർ, വീതി 1,540 മിമി, ഉയരം 2,630 മിമി, ഗ്രൗണ്ട് ക്ലിയറൻസ് 172 മിമി. കെർബ് വെയ്റ്റ് 1.2 ടൺ. ഇ വെരിറ്റോ വികസിപ്പിക്കാൻ 67 കോടി രൂപയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെലവഴിച്ചത്.

Mahindra-eVerito-front-Bigഇ വെരിറ്റോയുടെ മൂന്ന് വേരിയന്റുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഇ വെരിറ്റോയുടെ വിലകൾ യഥാക്രമം 9.5 ലക്ഷം (ഡി2), 9.75 ലക്ഷം (ഡി4), 10 ലക്ഷം (ഡി6) രൂപ. ആദ്യഘട്ടത്തിൽ ഇ വെരിറ്റോ ഡൽഹിയിലാണ് അവതരിപ്പിക്കുന്നത്. വരും മാസങ്ങളിൽ മുംബൈ, ബംഗലുരു, ഹൈദരാബാദ്, ചണ്ഡിഗഡ്, പൂനെ, ജയ്പ്പൂർ, നാഗ്പ്പൂർ എന്നിവിടങ്ങളിലും ഇ വെരിറ്റോ എത്തും. ഇപ്പോഴത്തെ മോഡലുകളിൽ എയർബാഗും എബിഎസും ഇല്ല.

Mahindra-eVerito-rear-Big

പരിസ്ഥിതി മലിനീകരണവും കാലാവസ്ഥ വ്യതിയാനവും ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രസിഡന്റ് (ഓട്ടോമോട്ടീവ്) പ്രവീൺ ഷാ പറഞ്ഞു. ഇലക്ട്രിക് കാറായ ഇ20 നേരത്തെ തന്നെ മഹീന്ദ്ര വിൽക്കുന്നുണ്ട്. 2015-16 ൽ മാത്രം ഇ20 യുടെ 1000 ത്തോളം യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ഇലക്ട്രിക് വിഭാഗത്തിൽ ഒരു വാഹനം കൂടി ഉടനെ വിപണിയിലെത്തുമെന്ന് പ്രവീൺ ഷാ ചൂണ്ടിക്കാട്ടി.