മഹീന്ദ്ര പുതിയ റേസിംഗ് മോട്ടോർസൈക്കിളും ഇലക്ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചു

Posted on: February 5, 2016

Mahindra-MGP3O-Moto3-racing

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ എംജിപി3ഒ റേസിംഗ് മോട്ടോർ സൈക്കിൾ പതിമൂന്നാം ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു. ഇലക്ട്രിക് ടൂ വീലർ ജെൻസെ2.0 ആണ് കമ്പനി എക്‌സോപോയിൽ അവതരിപ്പിച്ച മറ്റൊരു ഉത്പന്നം. ഇതോടൊപ്പം മോജോ ട്രൈബ് റൈഡേഴ്‌സ് ക്ലബ് രൂപീകരണവും പ്രഖ്യാപിച്ചു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2016-ലെ മോട്ടോ 3 ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള എംജിപി3ഒ റേസിംഗ് മോട്ടോർ സൈക്കിളാണ് എക്‌സ്‌പോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇറ്റലിയിലെ വരേസെയ്ക്കടുത്തുള്ള മഹീന്ദ്ര റേസിംഗിന്റെ യൂറോപ്യൻ ആസ്ഥാനമായ ബസോസോയിലാണ് പുതിയ ബൈക്ക് രൂപകല്പന നടത്തി വികസിപ്പിച്ചെടുത്തത്.

നഗരയാത്ര, പാർക്കിംഗ്, തിരക്ക്, മലിനീകരണം തുടങ്ങിയവയെല്ലാം കണക്കിലെടുത്തുകൊണ്ട് മഹീന്ദ്ര ജെൻസെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ജെൻസെ 2.0 ഓട്ടോ ഷോയിൽ അവതരിപ്പിച്ചിട്ടുള്ളത്. വണ്ടിയിൽനിന്നു എടുത്തു മാറ്റി ഏതു ഇലക്ട്രിക്കൽ പോയിന്റിൽ നിന്നും റീചാർജ് ചെയ്യാവുന്ന ലിത്തിയം അയോൺ ബാറ്ററി, 34 കിലോ ഭാരം സൂക്ഷിക്കാനുള്ള സ്റ്റോറേജ് ശേഷി, മൊബൈൽ പവർ പോർട്ട്, ടാബ്‌ലറ്റ് ചാർജർ തുടങ്ങിയ സൗകര്യങ്ങളുണ്ട്. എട്ടു സെക്കൻഡിൽ ഏറ്റവും ഉയർന്ന സ്പീഡായ 48.3 കിലോമീറ്ററിൽ എത്താം. ഒറ്റച്ചാർജിൽ 48.3 കിലോമീറ്റർ യാത്ര ചെയ്യാം. യുഎസിലെ നിരത്തിൽ പുറത്തിറക്കിയ ജെൻസെ 2.0 ഇന്ത്യയിൽ ഇപ്പോൾ ലഭ്യമല്ല.

മോജോ മോട്ടർ സൈക്കിൾ ഉടമകൾക്കായി മോജോ ട്രൈബ് എന്ന പേരിൽ ക്ലബ് രൂപീകരിക്കുന്നതായി മഹീന്ദ്ര മോട്ടോർ ഷോയിൽ പ്രഖ്യാപിച്ചു. മോട്ടോർ സൈക്കിൾ യാത്രികരുടെ കൂട്ടായ്മയും അവരുടെ റൈഡിംഗ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള അവസരമാണ് കമ്പനി ഇതിലൂടെ ഒരുക്കുന്നത്. മോജോ ഗാനവും മോജോ ഉടമകൾക്കായി മോജോ ട്രൈബ് മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. മോജോ റൈഡർമാർക്ക് അവരുടെ അനുഭവങ്ങൾ തമ്മിൽ തമ്മിൽ പങ്കുവയ്ക്കുവാൻ ഈ ആപ് സഹായകമാണ്.