ജാഗ്വാർ എക്‌സ്‌ജെ 2016 വിപണിയിൽ

Posted on: January 31, 2016

Jaguar-XJ-2016-Big

കൊച്ചി : ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ ഫ്‌ലാഗ്ഷിപ്പ് മോഡലായ ജാഗ്വാർ എക്‌സ്‌ജെ 2016 വിപണിയിൽ അവതരിപ്പിച്ചു. സാങ്കേതിക മികവിന്റെയും ആഡംബരത്തിന്റെയും എല്ലാ സാധ്യതകളും സമന്വയിക്കുന്ന ഈ മോഡലിന് 98.03 ലക്ഷമാണ് മുംബൈ എക്‌സ് ഷോറൂം വില.

177 കെഡബ്ല്യൂ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും 221കെഡബ്ല്യൂ ടർബോ ചാർജ്ഡ് ഡീസൽ എൻജിനുമാണ് ജാഗ്വാർ എക്‌സ്‌ജെ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത്. കേവലം 6.2 സെക്കൻഡിൽ 0-100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ കഴിയുന്നു ഡീസൽ മോഡലിന് കാറ്റിന്റെ പ്രതിരോധം പരമാവധി കുറയ്ക്കുന്ന രീതിയിലാണ് ഇതിന്റെ എക്‌സ്റ്റീരിയർ ഡിസൈൻ. ഊർജ്ജം ലാഭിക്കുന്ന ഫുൾ എൽഇഡി ഹെഡ്‌ലൈറ്റുകളും, ഡേ ടൈം റണ്ണിംഗ് ലൈറ്റ് ഡിസൈനും ജാഗ്വാറിന് പുത്തൻ അഴകണിയിക്കുന്നു.

എൽഇഡി ടെകനോളജി ഉപയോഗിക്കുന്ന പുതിയ ടെയിൽ ലൈറ്റുകളും ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു. 20.32 സെമി ഇന്റഗ്രേറ്റഡ് പാനൽ ഡിസ്‌പ്ലേ ടച്ച് സ്‌ക്രീൻ ഉപയോഗിച്ച് പിറകിലെ ചക്രത്തിന്റെ വിവരങ്ങൾ കാണാൻ സാധിക്കും. 5 വിവിധ മോഡലുകളിൽ മസാജിംഗ് നൽകുന്ന ആഡംബര പൂർണ്ണമായ മുൻ സീറ്റുകളും, എയർലൈനുകളുടെതു പോലുള്ള റിക്ലെയിൻ ചെയ്യാൻ സാധിക്കുന്ന പിൻ സീറ്റുകളുമാണ് പുതിയ ജാഗ്വാറിന്.

Jaguar-XJ-2016-Interior-Big

ആഡംബര കാറിന്റെ സവിശേഷതകൾക്കൊപ്പം ഒരു സ്‌പോർട്ട് കാറിന്റെ കരുത്തും ജാഗ്വാർ എക്‌സ്‌ജെയ്ക്കുണ്ട്. മോശമായ നിരത്തിലും വളരെ നല്ല യാത്രാസുഖം നൽകുന്ന തരത്തിൽ സ്വയം ക്രമീകരിക്കുന്ന എയർ സസ്‌പെൻഷൻ സംവിധാനവും, 3.6 കിമീ വേഗത്തിൽ വരെ ഉപയോഗിക്കുന്ന ക്രൂയിസ് കൺട്രോൾ ടെക്‌നോളജിയും ജാഗ്വാർ എക്‌സ്‌ജെയുടെ ഇതര പ്രത്യേകതകളാണ്. 2 സബ് വൂഫറുകൾ അടക്കം 20 സ്പീക്കറുകളുള്ള മെറിഡിയൻ 825 വാട്ട് ഡിജിറ്റൽ സറൗണ്ട് സൗണ്ട്് സിസ്റ്റമാണ് മറ്റൊരു പുതുമ.

ഉപയോക്താവിന്റെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ പോളാരിസ് വൈറ്റ്, റോഡിയം സിൽവർ, അമോണയിറ്റ് ഗ്രേ, ഡാർക്ക് സഫയർ, ഒഡിസീ റെഡ്, അറോറ റെഡ്, ബ്രിട്ടീഷ് റെയിസിങ്ങ് ഗ്രീൻ, അൾറ്റിമേറ്റ് ബ്ലാക്ക് എന്നീ എട്ട് നിറങ്ങളിലാണ് ജാഗ്വാർ എക്‌സ്‌ജെ എത്തുന്നത്.