മഹീന്ദ്ര കേരളത്തിൽ മൂന്ന് ക്വിക് സർവീസ് കേന്ദ്രങ്ങൾ കൂടി തുറന്നു

Posted on: January 28, 2016

Mahindra-Qwik-Service-Big

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര കേരളത്തിൽ മൂന്ന് അതിവേഗ സർവീസ് കേന്ദ്രങ്ങൾ കൂടി തുറന്നു. തൃശൂർ, അങ്കമാലി, ഇടപ്പള്ളി എന്നിവിടങ്ങളിലാണ് മഹീന്ദ്ര ക്വിക്ക് സർവീസ് കേന്ദ്രങ്ങൾ ആരംഭിച്ചത്. ഉടമകളുടെ സാന്നിധ്യത്തിൽതന്നെ നിശ്ചിത സമയത്തിനുള്ളിൽ വാഹനം സർവീസ് ചെയ്ത് നല്കുന്നുവെന്നതാണ് ക്വിക് സർവീസ് കേന്ദ്രങ്ങളുടെ പ്രത്യേകത.

സർവീസ് കേന്ദ്രങ്ങളിൽ വാഹന ഉടമകളുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായിരിക്കുകയാണെന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം വൈസ് പ്രസിഡന്റ് (കസ്റ്റമർ കെയർ) സന്ദീപ് ധോണ്ട് പറഞ്ഞു. രാജ്യമെമ്പാടുമായി 11 മഹീന്ദ്ര ക്വിക് സർവീസ് കേന്ദ്രങ്ങൾ ഇതിനോടകം തുറന്നുകഴിഞ്ഞു.

വിദഗ്ധ പരിശീലനം നേടിയ സാങ്കേതിക വിദഗ്ധരും സർവീസ് ഉപദേശകരുമടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിൽ രണ്ട് സർവീസ് ബേ വരെ ഓരോ കേന്ദ്രത്തിലും ഉണ്ടാകും. ഓരോ ബേയിലും പ്രത്യേക ടൈമർ ക്ലോക്ക് ക്രമീകരിച്ചിട്ടുണ്ട്. സർവീസിനായി വാഹനം സ്വീകരിച്ചുകഴിഞ്ഞാൽ റിവേഴ്‌സ് കൗണ്ട് ഡൗണും തുടങ്ങും. ഗുണഭോക്താവിന് വൈ ഫൈ സൗകര്യത്തോടുകൂടിയ എ സി ലോഞ്ചിൽ വിശ്രമിക്കാനും വാഹന സർവീസ് കാണാനുമാകും. ആവശ്യം അനുസരിച്ച് 90 മിനിറ്റിനുള്ളിൽ സർവീസ് പൂർത്തിയാക്കി നല്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വിത് യു ഹമേശ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സർവീസ് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇക്കൊല്ലം കൂടുതൽ മഹീന്ദ്ര ക്വിക് സർവീസ് കേന്ദ്രങ്ങൾ തുറക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.