മഹീന്ദ്ര KUV 100

Posted on: January 15, 2016

Mahindra-KUV100-front-Big

ചടുല ഭാവഹാദികളുള്ള സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്കിടയിൽ യുവത്വം തുടിക്കുന്ന പുതിയ മുഖമാണ് കെയുവി 100. യംഗ് എസ് യു വി എന്നാണ് നിർമാതാക്കളായ മഹീന്ദ്രയും വിശേഷിപ്പിക്കുന്നത്. വിപണിയിലെ ഏത് പ്രീമിയം ഹാച്ച്ബാക്കിനോടും കിടപിടിക്കുന്ന സൗന്ദര്യം കെയുവി 100 ന് ഉണ്ട്. വില നിലവാരത്തിലും അതു പ്രകടമാണ്. അതുകൊണ്ടു തന്നെ വാങ്ങൽശേഷിയുള്ള പുതുതലമുറ കെയുവി100 ന്റെ ആരാധകരായി മാറിയാലും അത്ഭുതപ്പെടാനില്ല.

മോണോകോക് പ്ലാറ്റ്‌ഫോമിലുള്ള രണ്ടാമത്തെ മഹീന്ദ്ര ഉത്പന്നമാണ് കെയുവി 100. എക്‌സ് യു വി 500 ആണ് ആദ്യ ഉത്പന്നം. ലൈറ്റ് പ്ലാറ്റ്‌ഫോമും ഫ്രണ്ട് വീൽ ഡ്രൈവുമായതിനാൽ മികച്ച ഇന്ധനക്ഷമത ഉറപ്പ്. പെട്രോൾ എൻജിൻ ലിറ്ററിന് 18.23 കിലോമീറ്ററും ഡീസൽ എൻജിൻ 25.3 കിലോമീറ്ററും മൈലേജ് നൽകുമെന്ന് എആർഎഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Mahindra-KUV100-blue-side-Bഎംഫാൽക്കൺ ശ്രേണിയിൽപ്പെട്ട ഏറ്റവും ആധുനികമായ പെട്രോൾ / ഡീസൽ എൻജിനുകളാണ് കെയുവി 100 ലുള്ളത്. 1.2 ലിറ്റർ എംഫാൽക്കൺ ജി-80, 5500 ആർപിഎമ്മിൽ 82 ബിഎച്ച്പി കരുത്തും 3500-3600 ആർപിഎമ്മിൽ 114 എൻഎം ടോർക്കും നൽകും. 1.2 ലിറ്റർ എംഫാൽക്കൺ ഡി-75 ഡീസൽ എൻജിൻ 3750 ആർപിഎമ്മിൽ 77 ബിഎച്ച്പി കരുത്തും 1750-2250 ആർപിഎമ്മിൽ 190 എൻഎം ടോർക്കും പ്രദാനം ചെയ്യും. 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്.

എക്‌സ് യു വി 500 ന് തുല്യമായ മുൻഭാഗമാണ് ഈ മിനി എസ് യു വിക്കുള്ളത്. എൽഇഡി ഡേടൈം റണ്ണിംഗ് ഹെഡ് ലാമ്പുകൾ കെയുവിയുടെ ആകാരഭംഗി വർധിപ്പിക്കുന്നു. ഡ്യുവൽ ടോൺ ബംബറുകൾ, പിൻഭാഗം ഏതൊരു പ്രീമിയം ഹാച്ച്ബാക്ക് കാറിനോടും കിടപിടിക്കും.ക്രോം അലംകൃത ഫോഗ് ലാമ്പ്, അലോയ് വീൽ, റൂഫ് റെയിൽ, പിന്നിൽ സ്‌പോർട്ടി സ്‌പോയ്‌ലർ എന്നിവയും കെ യു വി 100 യുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നു.

Mahindra-KUV100-Interior-Biബ്ലൂടൂത്ത്, യുഎസ്ബി സപ്പോർട്ട്, മഹീന്ദ്ര ബ്ലൂ സെൻസെസ് ആപ്പ്, കീലെസ് എൻട്രി, 3.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോൾ, കൂൾഡ് ഗ്ലൗ ബോക്‌സ്. എൽഇഡി ഇന്റരീയർ റൂഫ് ലാമ്പ് തുടങ്ങിയ സവിശേഷത ഉള്ളിൽ.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് കെയുവി100 നൽകിയിട്ടുള്ളത്. സുരക്ഷക്കായി 2017 ലെ മാനദണ്ഡങ്ങളാണ് പാലിച്ചിട്ടുള്ളത്. ഇ ബി ഡി സഹിതമുള്ള എ ബി എസ് എല്ലാ വേരിയന്റുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാകർഷകമായ ഇന്റീരയിറിനൊപ്പം ഡ്യൂവൽ എയർബാഗ്, കുട്ടികൾക്കായി പിൻനിരയിൽ ഐസോഫിക്‌സ് സീറ്റ് എന്നിവയും കെ. യു വി 100 യെ വ്യത്യസ്തമാക്കുന്നു.
പവർ വിൻഡോസ്, കെയുവി 100 ൽ അഞ്ച് സീറ്റ്, ആറ് സീറ്റ് ഓപഷനുകളുണ്ട്. സീറ്റുകൾക്ക് വിനയൽ – ഫാബ്രിക് അപ്‌ഹോൾസ്റ്ററിയാണ്.

Mahindra-KUV100-rear-view-Bപേൾ വൈറ്റ്, ഡിസൈനർ ഗ്രേ, ഫെയറി ഓറഞ്ച്, അക്വമറൈൻ, ഡാസിലിങ്ങ് സിൽവർ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ ആറ് നിറങ്ങളിൽ കെയുവി 100 ലഭ്യമാണ്.കിലോമീറ്റർ പരിധി ഇല്ലാതെ രണ്ട് വർഷത്തെ വാറൻഡിയും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

കെയുവി പെട്രോൾ വേരിയന്റുകളുടെ പുനെ എക്‌സ്‌ഷോറൂം വിലകൾ – കെ2- 4.42 ലക്ഷം, കെ2+ – 4.64 ലക്ഷം, കെ4-4.77 ലക്ഷം, കെ6-4.99 ലക്ഷം, കെ6+-5.58 ലക്ഷം, കെ8 – 5.91 ലക്ഷം.

ഡീസൽ വേരിയന്റുകളുടെ വില – കെ2 – 5.22 ലക്ഷം, കെ2+- 5.44 ലക്ഷം, കെ4 – 5.57 ലക്ഷം, കെ4+ – 5.79 ലക്ഷം, കെ6 – 6.21 ലക്ഷം, കെ6+ – 6.43 ലക്ഷം, കെ8 – 6.76 ലക്ഷം.