മാരുതിയുടെ കോംപാക്ട് എസ് യു വി – വിറ്റാര ബ്രെസ

Posted on: January 9, 2016

Maruti-Suzuki-Vitara-Brezza

മാരുതിയുടെ കോംപാക്ട് എസ് യു വി – വിറ്റാര ബ്രെസ വരുന്നു. അടുത്ത മാസം നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ മാരുതി വിറ്റാര ബ്രെസ ഔദ്യോഗികമായി അവതരിപ്പിക്കും. ഏതാനും ആഴ്ചകൾക്കു ശേഷം ബ്രെസ വിപണിയിലും എത്തും. ബ്രെസ എന്ന ഇറ്റാലിയൻ പദത്തിന്റെ അർത്ഥം ഉന്മേഷദായകമായ കുളിർകാറ്റ് എന്നാണ്. നിരത്തിലും വാഹനപ്രേമികളുടെ മനസിലും ഒരു കുളിർകാറ്റു പോലെ വിറ്റാര ബ്രെസ പടർന്നു കയറും.

മാരുതി സുസുക്കി ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള ബ്രെസയുടെ സ്‌കെച്ച് കണ്ടാൽ അറിയാം വരാൻപോകുന്ന എസ് യു വിയുടെ സ്‌പോർട്ടി ലുക്ക്. എന്നാൽ സുസുക്കി വിറ്റാരയോടും സുസുക്കി ഗ്രാൻഡ് വിറ്റാരയോടും യാതൊരു ബന്ധവുമില്ല. പുതുതലമുറയെ ആകർഷിക്കുന്ന കരുത്തൻ ഡിസൈൻ. അകത്തും പുറത്തും സ്റ്റൈലിഷ് കോംപാക്ട് എസ് യു വിയായിരിക്കും ബ്രെസ. പുതുതലമുറ നെക്‌സ ഷോറൂമുകളിലൂടെയാവും ബ്രെസ അവതരിപ്പിക്കപ്പെടുന്നത്.

നാല് മീറ്റർ താഴെ നീളം, സ്വിഫ്റ്റിനും ഡിസയറിനും കരുത്തുപകരുന്ന 1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ / 1.4 ലിറ്റർ കെ സീരിസ് പെട്രോൾ എൻജിൻ തുടങ്ങിയവയാണ് ബ്രെസയെക്കുറിച്ച് വിപണി വച്ചുപുലർത്തുന്ന നിഗമനങ്ങൾ. എന്നാൽ ബ്രെസയോടൊപ്പം 1.5 ലിറ്റർ പുത്തൻ ഡീസൽ എൻജിൻ വന്നാലും അത്ഭുതപ്പെടാനില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അലോയ് വീലുകൾ എബിഎസ്, ഇബിഡി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ ബ്രെസയിലുണ്ടാകുമെന്ന് നിസംശയം പറയാം.

ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര ടിയുവി300, ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾസിനോടാണ് വിറ്റാര ബ്രെസ മത്സരിക്കുന്നത്. ബ്രെസയുടെ വില 8 ലക്ഷത്തിനും 11 ലക്ഷത്തിനും മധ്യേ യായിരിക്കുമെന്നാണ് പിന്നാമ്പുറം.