മഹീന്ദ്ര എക്‌സ് യു വി 500 ഇനി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും

Posted on: November 26, 2015

Mahindra-XUV-500-AT-Unveili

മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്‌സ് യു വി 500 ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി നിരത്തിലെത്തി. ഡബ്ല്യൂ -8 എഫ് ഡബ്ല്യൂ ഡി, ഡബ്ല്യൂ 10 എഫ് ഡബ്ല്യൂ ഡി, ഏ ഡബ്ല്യൂ ഡി എന്നീ മൂന്ന് വേരിയന്റുകളിലാണ് ന്യൂ ഏജ് എക്‌സ് യു വി 500 പുറത്തിറക്കിയിട്ടുള്ളത്. ഓൾ വീൽ ഡ്രൈവിനൊപ്പം രണ്ടാം തലമുറയിലെ സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഏക എസ് യു വിയാണ് ന്യൂ ഏജ് എക്‌സ് യു വി 500 എന്ന് കമ്പനി പ്രസിഡന്റും ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവുമായ പ്രവീൺ ഷാ പറഞ്ഞു.

ജപ്പാൻ കമ്പനിയായ എ ഐ എസ് ഐ എൻ ന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എക്‌സ് യു വി 500 ൽ ഉപയോഗിക്കുന്നത്. 15.36 ലക്ഷം രൂപയാണ് ഡബ്ല്യൂ -8 എഫ് ഡബ്ല്യൂ ഡി വേരിയന്റിന് മുംബൈയിലെ ഷോറൂം വില. രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ ഡിസംബർ അഞ്ച് മുതൽ വാഹനം ലഭ്യമായിത്തുടങ്ങും.

ടോർക് കൺവെർട്ടർ, പ്ലാനറ്ററി ഗിയർ ട്രെയിൻ എന്നിവയടക്കം രണ്ടാം തലമുറയിലെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സ്. രണ്ട് ഓവർഡ്രൈവ് ഗിയർ സഹിതം ആറ് ഗിയർ ഉള്ളത് മികച്ച ഇന്ധനക്ഷമത നല്കുന്നു. ഓൾ വീൽ ഡ്രൈവ് ഓപ്ഷൻ സാഹസികരായ വാഹനപ്രേമികൾക്ക് ഹരം പകരുന്നതാണ്. മാന്വൽ ഡ്രൈവ്, ഒറ്റത്തവണ മാത്രമുള്ള ട്രാൻസ്മിഷൻ ഫഌൂയിഡ് തുടങ്ങിയ പ്രത്യേകതകളും ഉൾപ്പെടുത്തിയാണ് ഏക്‌സ് യു വി 500 ന്യൂ ഏജ് എത്തുന്നത്.