സ്മാർട്ട് റോഡ്‌സേഫ്ടി പ്ലാറ്റ്‌ഫോം – രക്ഷാ സേഫ്‌ഡ്രൈവ് വിപണിയിൽ

Posted on: October 29, 2015

Raksha-SafeDrive-Big

കൊച്ചി : വർധിച്ച് വരുന്ന റോഡ് അപകടങ്ങൾ മൂലമുള്ള മരണങ്ങൾ നിയന്ത്രിക്കുന്നതിനായി എൽസിസ് ഇന്റലിജന്റ് ഡിവൈസസ് പ്രൈവറ്റ് ലിമിറ്റഡ് രക്ഷാ സേഫ്‌ഡ്രൈവ് എന്ന സ്മാർട്ട് റോഡ് സുരക്ഷാ പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഇലക്ട്രോണിക്‌സ്, ഇന്റർനെറ്റ്, ടെലി കമ്മ്യൂണിക്കേഷൻ, ക്ലൗഡ് സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെയാണ് രക്ഷാ സേഫ് ഡ്രൈവ് പ്രവർത്തിക്കുക. അടിയന്തര സേവനങ്ങളുടെ നെറ്റ് വർക്കുമായി വാഹനത്തിലെ ഐ ഒ ടി ഉപകരണമായ സേഫ് ഡ്രൈവ് ഘടിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം.

ക്രാഷ് ഡിറ്റക്ഷൻ സൗകര്യങ്ങളുള്ള സേഫ് ഡ്രൈവ് അപകടം ഉണ്ടായാൽ ഉടൻ സ്ഥലം, അപകടത്തിന്റെ തീവ്രത തുടങ്ങിയവ കമാൻഡ് സെന്ററിൽ അലർട്ട് ചെയ്യും. ഇത് അടിയന്തര രക്ഷാ ദൗത്യം വേഗത്തിലാക്കാൻ സഹായിക്കും. ഡ്രൈവിംഗ് രീതി മെച്ചപ്പെടുത്താനും ജി പി എസ് ട്രാക്കിംഗ്, സ്മാർട്ട് പാനിക് ബട്ടൺ എന്നിവയെല്ലാം സേഫ് ഡ്രൈവ് ഉപകരണം. അപകടം ഉണ്ടായാൽ ഓട്ടോമാറ്റിക്കായി കോൾ സെന്ററിലേക്ക് സന്ദേശം പോവുകയും വോയ്‌സ് കോൾ വഴി വാഹനത്തിലുള്ളവരുമായി സംസാരിക്കാനും കഴിയും. പ്രതികരണം ഉണ്ടായില്ലങ്കിൽ കോൾ സെന്ററിൽ നിന്ന് തന്നെ അടിയന്തിര സേവനങ്ങൾക്ക് സന്ദേശം പോകും.

അപകടകരമായ സാഹചര്യം ഉണ്ടായാലുടൻ സേഫ് ഡ്രൈവ് ഒരു കമ്മ്യൂണിക്കേഷൻ ചാനൽ തുറക്കും. ഒരു ബട്ടണിലൂടെ അത്യാവശ്യം അടിയന്തിരമായി ബന്ധപ്പെടേണ്ടവരെ അലെർട്ട് ചെയ്യും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ആദ്യം പ്രതികരിക്കേണ്ടവർ, ആംബുലൻസ്, ആശുപത്രി, പോലീസ്, ഇൻഷുറൻസ് ദാതാവ്, റോഡ് അസിസ്റ്റൻസ് തുടങ്ങി ആരെ വേണമെങ്കിലും ഇങ്ങനെ അലർട്ട് ചെയ്യാം.

ശക്തമായ നിയമങ്ങളോ കടുത്ത പിഴയോ ഒന്നും അപകട മരണങ്ങൾ കുറയ്ക്കുന്നില്ല എന്ന പശ്ചാത്തലത്തിലാണ് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇത്തരമൊരു സ്മാർട്ട് പ്ലാറ്റ് ഫോം തയാറാക്കിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2030 ഓടെ റോഡ് അപകടങ്ങളാകും ലോകമാകമാനം മരണത്തിന് കാരണമാകുന്ന 5 കാരണങ്ങളിൽ ഒന്ന്.

കഴിഞ്ഞ രണ്ടു വർഷമായി ഇത്തരമൊരു സാങ്കേതിക വിദ്യ രൂപകൽപ്പന ചെയ്യാനുള്ള പ്രയത്‌നത്തിലായിരുന്നുവെന്ന് എൽസിസ് സഹ സ്ഥാപകൻ പ്രസാദ് പിള്ള പറഞ്ഞു. ഇന്ത്യൻ നിരത്തിലോടുന്ന ഭൂരിഭാഗം കാറുകളിലും ഈ ഉപകരണം ഘടിപ്പിക്കാൻ കഴിയുമെന്നും ഇത് പൂർണമായും മേക് ഇൻ ഇന്ത്യ സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർനെറ്റും ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകളും ഉൾപ്പടെയുള്ള പ്ലാറ്റ് ഫോമുകളിലൂടെ രക്ഷാ സേഫ് ഡ്രൈവിനെ കുറിച്ച് കൂടുതൽ അടുത്തറിയാനും അത് വഴി കേരളത്തിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഇത് സഹായകരമാകുമെന്നും എൽസിസ് സഹ സ്ഥാപകൻ ജയന്ത് ജഗദീഷ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9495476342 എന്ന നമ്പരിൽ പ്രസാദ് പിള്ളയുമായി ബന്ധപ്പെടാവുന്നതാണ്.