മഹീന്ദ്ര സുപ്രോ വാനും മാക്‌സി ട്രക്കും പുറത്തിറക്കി

Posted on: October 18, 2015

Mahindra-Supro-Launch-Big

മുംബൈ : മഹീന്ദ്ര പുതിയ സുപ്രോ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച വാനും മാക്‌സി ട്രക്കും വിപണിയിൽ അവതരിപ്പിച്ചു. എട്ട് സീറ്റുള്ള സുപ്രോ വാനിന്റെ ബി.എസ് 3 വകഭേദത്തിന് 4.38 ലക്ഷം രൂപ മുതലാണ് താനെയിലെ എക്‌സ്‌ഷോറൂം വില. സുപ്രോ മാക്‌സി ട്രക്കിന് 4.25 ലക്ഷം രൂപ മുതൽ.

സുപ്രോ വാൻ

ടൂർ ഒപ്പറേറ്റർമാരെയും വലിയ കുടുംബങ്ങളെയും ഉദ്ദേശിച്ച് നിർമ്മിച്ച സുപ്രോ വാനിന് വിശാലമായ ഇന്റീരിയറാണ്. ലെഗ്-ഹെഡ് റൂം ആവശ്യം പോലെയുള്ള എട്ട് സീറ്റർ വാനിന് ലഗേജ് സ്‌പേസും ഏറെയുണ്ട്. കാറിന്റേതുപോലെ ഭംഗിയുള്ളതാണ് ഡാഷ്‌ബോർഡ്. ഈ വിഭാഗത്തിൽ ആദ്യമായി എസിയുള്ള മോഡൽ എന്ന പ്രത്യേകതയും സുപ്രോയ്ക്കുണ്ട്. ദീർഘദൂരയാത്രകൾക്കും യോജിക്കും വിധം രൂപകല്പന ചെയ്ത വാനിൽ മൊബൈൽ ചാർജിംഗ് പോയിന്റ്, മൾട്ടി യൂട്ടിലിറ്റി ബോക്‌സ് എന്നിവയുണ്ട്. 2050 മിമീ വീൽബേസ് മികച്ച സ്ഥിരത ഉറപ്പാക്കും. സ്ലൈഡിങ് ഡോറുകൾക്ക് ചൈൾഡ് ലോക്ക് നൽകിയിരിക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കുന്നു.

സുപ്രോ വാനിന്റെ ഡയറക്ട് ഇൻജക്ഷന് (ഡിഐ) ടർബോ ഡീസൽ എൻജിൻ 45 എച്ച് പിയാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്‌സുള്ള വാഹനത്തിന് ലിറ്റിന് 23.50 കിലോമീറ്റർ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

വി.എക്‌സ്, എൽ.എക്‌സ്, സെഡ്.എക്‌സ്, എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. വി.എക്‌സ് ഒഴികെയുള്ള വേരിയന്ററുകൾക്ക് ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുണ്ട്. മുന്തിയ വകഭേദമായ സെഡ്.എക്‌സിന് എസിയും ലഭിക്കും. ഡീപ് വാം ബ്ലൂ, ഡയമണ്ട് വൈറ്റ്, മെറ്റാലിക് ബ്രൗൺ നിറങ്ങളിൽ ലഭ്യമാണ്.

സുപ്രോ മാക്‌സി ട്രക്ക്

ഒരു ടൺ പേലോഡ് കപ്പാസിറ്റിയുണ്ട് സുപ്രോ മാക്‌സി ട്രക്കിന്. കാർഗോ ബോക്‌സിന് 8.2 അടിയാണ് നീളം. 13 ഇഞ്ച് ടയറുകളും 4.7 മീറ്റർ എന്ന കുറഞ്ഞ ടേണിങ്ങ് റേഡിയസും ഇടുങ്ങിയ സ്ഥലത്ത് വണ്ടി അനായാസം തിരിച്ചെടുക്കാൻ സഹായിക്കും. എസി, പവർ സ്റ്റീയറിങ്ങ്, മൊബൈൽ ചാർജിങ്ങ് പോയിന്റ്, ബോട്ടിൽ ഹോൾഡർ എന്നീ ആകർഷകമായ ഫീച്ചറുകളും സുപ്രോ മാക്‌സി ട്രക്കിനുണ്ട്.

വാനിന്റെ അതേ എൻജിനാണ് സുപ്രോ മാക്‌സി ട്രക്കിനും. ലിറ്ററിന് 22.40 കിലോമീറ്റർ മൈലേജ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. മണിക്കൂറിൽ 95 കിലോമീറ്റർ ആണ് പരമാവധി വേഗം.

ടി 2, ടി 4, ടി 6 എന്നീ വകഭേദങ്ങളിൽ ലഭ്യമാണ്. ടി 2 ഒഴികെയുള്ളവയ്ക്ക് പവർ സ്റ്റീയറിങ്ങുണ്ട്. മുന്തിയ വകഭേദത്തിന് എസിയും നൽകിയിരിക്കുന്നു. മെറ്റാലിക് റെഡ്, ഡീപ് വാം ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നീ ബോഡി നിറങ്ങളുണ്ട്.

സുപ്രോ മോഡലുകൾക്ക് രണ്ട് വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ വാറന്റി (ഏതാണോ ആദ്യം) മഹീന്ദ്ര നൽകുന്നുണ്ട്. സുപ്രോ മോഡലുകൾ അവ ഉൾപ്പെടുന്ന വിഭാഗങ്ങളിൽ ഒരു പുനർനിർവചനമാകുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചീഫ് എക്‌സിക്യൂട്ടീവ് (ഓട്ടോമോട്ടീവ്) പ്രവീൺ ഷാ പറഞ്ഞു. യാത്രാമേഖലയിലെയും ചരക്ക് മേഖലയിലെയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സമഗ്രമായി ഉൾക്കൊണ്ടാണ് സുപ്രോ വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.