യൂസ്ഡ് കാറുകൾക്ക് ഓക്ഷൻ മാർട്ടുമായി ടൊയോട്ട

Posted on: September 14, 2015

Toyota-Auction-Mart-Big

കൊച്ചി : ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് യൂസ്ഡ് കാറുകളുടെ ലേലം ബിസിനസുമായി, ടൊയോട്ട ഓക്ഷൻ മാർട്ട് ആരംഭിക്കുന്നു. യൂസ്ഡ് കാറുകളുടെ ലേലം എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുകയാണ് വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ്. കർണാടകയിലെ ബിദാദിയിലാണ് ഓക്ഷൻ മാർട്ട് പ്രവർത്തനമാരംഭിക്കുന്നത്. ആദ്യത്തെ യൂസ്ഡ് കാർ ലേലം സെപ്തംബർ 15 ന് നടക്കും.

കാറുകളുടെ നിലവിലുള്ള നിലവാരം അറിയുന്നതിനായി എല്ലാ ബ്രാൻഡിന്റെയും യൂസ്ഡ് കാറുകൾ വിശദ പരിശോധയ്ക്ക് വിധേയമാക്കും. അതുവഴി യൂസ്ഡ് കാറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നിലവാരം, വിശ്വാസ്യത എന്നിവ ഉറപ്പുവരുത്താൻ സാധിക്കുന്നു.

യൂസ്ഡ് കാറുകളുടെ നിലവാരം മനസ്സിലാക്കാനായി, ടൊയോട്ട ഓക്ഷൻ മാർട്ടിലുള്ള എല്ലാ കാറുകളും സമഗ്രമായ 203 പോയിന്റ് ഇൻസ്‌പെക്ഷനു വിധേയമാക്കും. കാറുകളുടെ രേഖകൾ സംബന്ധിച്ച നിജസ്ഥിതി ഉറപ്പുവരുത്തുന്നതോടൊപ്പം ഓരോ കാറിന്റെയും നിലവാരം ടൊയോട്ടയുടെ വിദഗ്ധർ പരിശോധിച്ച് ഉറപ്പാക്കുന്നു. ക്യൂഡിആർ ഗ്ലോബൽ ടൊയോട്ട സ്റ്റാൻ്‌ഡേർഡിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്‌പെക്ഷൻ നടത്തുന്നത്.

ആദ്യഘട്ടത്തിൽ ബി-ടു-ബി മോഡലായാണ് ഓക്ഷൻ മാർട്ട് പ്രവർത്തിക്കുക. യൂസ്ഡ് കാറുകൾ കൈകാര്യം ചെയ്യുന്ന നിരവധി ഡീലർമാർ സെപ്റ്റംബർ 15ന്റെ ഓക്ഷനിൽ പങ്കെടുക്കും.