പുതിയ മഹീന്ദ്ര ഥാർ സിആർഡിഇ വിപണിയിൽ

Posted on: July 23, 2015

Mahindra-NewThar-CRDe-Launcനാസിക്ക് : മഹീന്ദ്രയുടെ പുതിയ ഥാർ സിആർഡിഇ വിപണിയിലെത്തി. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒട്ടേറെ പുതുമകൾ കൂട്ടിച്ചേർത്താണ് ജനപ്രിയ ഓഫ്‌റോഡറിന്റെ പുതിയ പതിപ്പ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിരത്തിലിറക്കുന്നത്. കൊച്ചിയിലെ ഷോറൂം വില തുടങ്ങുന്നത് 8.34 ലക്ഷം മുതലാണ് . ഓഫ്‌റോഡ് ശേഷി ഉയർത്താനായി റിയർ ഡിഫ്രൻഷ്യലിൽ മെക്കാനിക്കൽ ലോക്ക് ഏർപ്പെടുത്തിയ ഈ രംഗത്തെ ആദ്യവാഹനമെന്ന് ഖ്യാതി പുതിയ താർ സിആർഡിഇ നേടി.

മുൻ-പിൻ ബംബറുകൾ, വീൽ ആർക്ക്, ക്ലിയർ ലെൻസ് ഹെഡ് ലാംബ്, ട്യൂബുലാർ സൈഡ് ഫുട്‌സ്റ്റെപ്പ്, മേൽ മൂടി എന്നിവയിലെല്ലാം വരുത്തിയ പുതുമ വാഹനത്തിന്റെ മോടി കൂട്ടിയതിനൊപ്പം പുറം കാഴ്ച കൂടുതൽ കരുത്ത് തോന്നിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റീയറിങ്ങ് വീൽ, ഗിയർ നോബ്, എസി വെന്റ്, വിൻഡ് ഷീൽഡ്, ഡീമിസ്റ്റർ എന്നിവയും കൂടുതൽ ആകർഷകമാക്കി, സീറ്റുകൾ കൂടുതൽ വിശാലമാക്കിയതിനൊപ്പം, ബ്ലാക്ക് ബീജ് ഡാഷ് ബോർഡ്, പുതുക്കിയ സെന്റർ ബെസൽ, സ്‌പോർട്ടി ത്രീ പോഡ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയിലെ പുതുമ ഇന്റീരിയറിനെ കൂടുതൽ ആകർഷകമാക്കുന്നു.

12 വോൾട്ട് ചാർജർ, ലോക്കബിൾ ഗ്ലവ് ബോക്‌സ്, കപ്‌ഹോൾഡറോടു കൂടിയ ഫ്‌ളോർ കൺസോൾ എന്നിവയും ഉൾപ്പെടുത്തി. 200 എംഎം ഗ്രൗണ്ട് ക്ലിയറൻസും 44 ഡിഗ്രി അപ്രോച്ച് ആംഗിളും 27 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളുമാണ് ഥാർ സിആർഡിഇ യെ ഓഫ്‌റോഡ് യാത്രക്കാർക്ക് കൂടുതൽ അനുയോജ്യമാക്കുന്നത്. 2500 സിസിയുടെ സിആർഡിഇ എൻജിൻ ഏതു തരം നിരത്തും അനായാസം പിന്നിടാനുള്ള കരുത്ത് പകരുന്നു.

സാഹസികതയും വിനോദവും കൈമുതലായുള്ള സഞ്ചാരികളുടെ സുഖയാത്രയ്ക്ക് ഇണങ്ങും വിധമാണ് ഥാർ സി ആർഡിഇയെ പുതുക്കി അവതരിപ്പിക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ പ്രവീൺ ഷാ പറഞ്ഞു. ഫെയറി ബ്ലാക്ക്, റെഡ് റേജ്, മിസ്റ്റ് സിൽവർ, റോക്കി ബീജ്, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ഥാർ ലഭ്യമാണ്.