മഹീന്ദ്ര ജീത്തോ വിപണിയിലെത്തി

Posted on: June 24, 2015

Mahindra-Jeeto-Launch-Big

കൊച്ചി : മൈക്രോ ട്രക്ക് വിഭാഗത്തിൽ മഹീന്ദ്രയുടെ പുതിയ വാഹനം ജീത്തോ വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടർ പവൻ ഗോയങ്കയും പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ പ്രവീൺ ഷായും ചേർന്നാണ് വാഹനം പുറത്തിറക്കിയത്. തെലുങ്കാനയിലെ സഹീറാബാദ് പ്ലാന്റിൽ നിന്നാണ് ഒരു ടണ്ണിൽ താഴെ ഭാരം വഹിക്കാൻ കഴിയുന്ന ഈ ചെറു വാണിജ്യ വാഹനം മഹീന്ദ്ര പുറത്തിറക്കുന്നത്.

രണ്ടു തരത്തിലുള്ള എൻജിനുകളുള്ള മോഡലുകളാണ് വിപണിയിലേക്ക് എത്തുന്നത്. ഇന്ധനക്ഷമതയുള്ള പുതിയ എംഡ്യൂറ എൻജിനാണ് ജീത്തോയുടെ കരുത്ത്. 11 എച്ച്പി, 16 എച്ച്പി വീതം കരുത്തുള്ള രണ്ടുതരം ഡീസൽ എൻജിനുകളുള്ള മോഡലുകൾ വിപണിയിലുണ്ടാകും.

600 കിലോയും 700 കിലോയും ഭാരം വഹിക്കാൻ ശേഷിയുള്ള മോഡലുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 5.5 അടി, 6 അടി, 6.5 അടി എന്നിങ്ങനെ മൂന്നുതരത്തിലുള്ള ഡെക്കുകളുള്ള വേരിയന്റുകളും ലഭ്യമാണ്. 37.6 കിലോമീറ്റർ വരെയാണ് മൈലേജ്. എസ്, എൽ, എക്‌സ് എന്നിങ്ങനെ മൂന്നു സീരീസുകളിൽ ജീത്തോ വിപണിയിൽ ലഭ്യമാണ്. തെലങ്കാനയിൽ 2.32 ലക്ഷം രൂപയാണ് ജീത്തോയുടെ എക്‌സ് ഷോറൂം വില.

ഡയമണ്ട് വൈറ്റ്, സൺറൈസ് റെഡ്, മാംഗോ യെല്ലോ, അൾട്രാമറീൻ ബ്ലൂ, പ്രീമിയം ബീജ് എന്നീ അഞ്ചു നിറങ്ങളിൽ ജീത്തോ വിപണിയിൽ ലഭ്യമാണ്. രണ്ടു വർഷം അല്ലെങ്കിൽ 40,000 കിലോമീറ്ററാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന വാറന്റി.