മഹീന്ദ്ര സ്‌കോർപ്പിയോ വില്പന നാലാം വർഷവും 50,000 കടന്നു

Posted on: May 15, 2015

Mahindra-Scorpio-Big

മുംബൈ : മഹീന്ദ്ര സ്‌കോർപ്പിയോയുടെ വില്പന ഇക്കൊല്ലവും 50,000 കടന്നു. തുടർച്ചയായി നാലാം വർഷമാണ് വില്പനയിൽ ഈ നേട്ടം കൈവരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ വർഷം 51,553 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2014 സെപ്റ്റംബറിൽ മാത്രം 6,060 യൂണിറ്റുകൾ വില്പന നടത്തി. ഒരു മാസത്തെ ഏറ്റവും ഉയർന്ന വില്പനയാണിത്.

കഴിഞ്ഞവർഷം പുറത്തിറക്കിയ പുതുതലമുറ സ്‌കോർപ്പിയോയ്ക്ക് വാഹനപ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രവീൺ ഷാ പറഞ്ഞു. ആറ് എസ് യു വി ഓഫ് ദ ഇയർ പുരസ്‌കാരങ്ങൾ ഉൾപ്പടെ 8 അവാർഡുകളാണ് പുതുതലമുറ സ്‌കോർപ്പിയോയ്ക്ക് ലഭിച്ചത്.

ഫേസ്ബുക്കിൽ മൂന്ന് ദശലക്ഷം ആരാധകരാണ് സ്‌കോർപ്പിയോയ്ക്കുള്ളത്. സ്‌കോർപ്പിയോ യു ട്യൂബ് ചാനൽ ഇതിനോടകം 10 ദശലക്ഷം പേർ കണ്ടു കഴിഞ്ഞു. ദക്ഷിണാഫ്രിക്ക, ചിലി തുടങ്ങി 40 രാജ്യങ്ങളിൽ സ്‌കോർപ്പിയോ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.