കുട്ടികൾക്കായി സിറോധയുടെ റുപ്പിടെയ്ൽസ്

Posted on: March 26, 2017

കൊച്ചി : പ്രമുഖ ഓൺലൈൻ ബ്രോക്കിംഗ് കമ്പനിയായ സിറോധ കുട്ടികൾക്കായി കഥകളിലൂടെ സാമ്പത്തിക വിഷയങ്ങൾ പറയുന്ന ഇംഗ്ലീഷ് പുസ്തകങ്ങളുടെ സമാഹാരം – റുപ്പീടെയ്ൽസ് പുറത്തിറക്കി. സമ്പാദ്യം, ബാങ്കിംഗും പണപ്പെരുപ്പവും, നികുതി, ഇൻഷുറൻസ്, ഓഹരി വിപണി എന്നിവ ലളിതമായ വാക്കുകളിലും ചിത്രങ്ങളിലും പരിചയപ്പെടുത്തുന്ന അഞ്ച് കഥാപുസ്തകങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. കുട്ടികൾക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിവു പകരുന്നതിനും അവർക്കിടയിൽ സാമ്പത്തിക ദിശാബോധം സൃഷ്ടിക്കുന്നതിനുമാണ് റുപ്പീടെയ്ൽസ് അവതരിപ്പിച്ചിട്ടുള്ളത്.

ഓരോ പുസ്തകത്തിലും ഓരോ വിഷയമാണ് ആകർകമായ പേരുകളിലുള്ള കഥകളിൽ പറയുന്നത്. സമ്പാദിക്കാൻ പഠിക്കുന്ന അനുവിലൂടെ (അനു ലേൺസ് ടു സേവ്) ചെറു പ്രായത്തിൽതന്നെ സമ്പാദ്യം തുടങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മണിയുടെ പണത്തിൽ (മണീസ് മണി) പണപ്പെരുപ്പം എന്താണെന്നും ബാങ്കിംഗ് പ്രക്രിയയെയും സേവിംഗ്‌സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറയുന്നു. ഒന്നരക്കഥകളിൽ (വൺ ആൻഡ് എ ഹാഫ് സ്റ്റോറീസ്) ഇൻഷുറൻസ് എന്താണെന്നും അതിൽ ചേരേണ്ടതിനെക്കുറിച്ചും വിശ്രംബുവിന്റെ ബസ് യാത്രയിൽ (വിശ്രംബുസ് ബസ് ജേർണി) നികുതികൾ എന്താണെന്നും ഉത്തരവാദിത്വമുള്ള പൗരൻ സർക്കാരിലേക്ക് നികുതികൾ അടയ്‌ക്കേണ്ടതിന്റെ പ്രസക്തി എന്താണെന്നും ബോധ്യപ്പെടുത്തുന്നു. ഓഹരി വിപണിയിൽ നിന്നു ഒരു കമ്പനി പണം സ്വരൂപിച്ച് ബിസിനസ് വളർത്തുന്നത് എങ്ങിനെയാണെന്നും ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കാവുന്ന നേട്ടത്തെക്കുറിച്ചുമാണ് കേക്ക് ഷോപ്പി (ദ കേക്ക് ഷോപ്പ്) ൽ വിശദീകരിക്കുന്നു.

ഏഴു വയസിനു മുകളിലുള്ള കുട്ടികൾക്ക് അടിസ്ഥാന സാമ്പത്തിക വിഷയങ്ങൾ മനസിലാക്കുന്നതിനു സഹായകമാണ് റുപ്പീടെയ്ൽസ്. ഇത്തരത്തിൽ ഇന്ത്യയിലെ പ്രഥമ സംരഭവുമാണിത്. സമൂഹത്തിൽ സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനുള്ള സിറോധയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കഥാപുസ്തകങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. പുസ്തക സമാഹാരത്തിന്റെ വില 470 രൂപ. റുപ്പീടെയ്ൽസ് വെബ്‌സൈറ്റ് സന്ദർശിച്ച് ഇതു വാങ്ങാം.

റുപ്പീടെയ്ൽസിന്റെ കേരളത്തിലെ പ്രകാശനം കൊച്ചിയിൽ നടന്നു. സിറോധ വൈസ് പ്രസിഡന്റ്ും (ഇക്വിറ്റി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ സർവീസസ്) കഥകളുടെ രചയിതാവുമായ കാർത്തിക് രംഗപ്പ, ബ്രാഞ്ച് ഹെഡ് സെബാസ്റ്റിയൻ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

TAGS: Rupee Tales | Zerodha |