സ്റ്റാര്‍ട്ടപ്പ് യാത്രയ്ക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ആവേശകരമായ പ്രതികരണം

Posted on: November 19, 2018

കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് യാത്രയുടെ ഭാഗമായി എറണാകുളം സെ. തേരേസാസ് കോളേജില്‍ നടന്ന ബൂട്ട് ക്യാമ്പില്‍ നിന്ന് 13 ആശയങ്ങള്‍ ഗ്രാന്‍ഡ് ഫിനാലെക്കായി തിരഞ്ഞെടുത്തു. ബൂട്ട് ക്യാമ്പില്‍ 250 ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആകെ 39 ആശയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ഈ മാസമവസാനമാണ് ഗ്രാന്‍ഡ് ഫിനാലെ.

ബൂട്ട് ക്യാമ്പിനോടനുബന്ധിച്ച് തെരേസിയന്‍ ഇന്നോവേഷന്‍ ആന്‍ഡ് ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ എറണാകുളം എം എല്‍ എ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്തു. ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിംഗ് കമാന്‍ഡര്‍ കെ ചന്ദ്രശേഖര്‍, മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍, കെഎസ്‌ഐഡിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രശാന്ത് ആര്‍ എന്നിവര്‍ പങ്കെടുത്തു.

ബൂട്ട് ക്യാമ്പില്‍ സംരംഭ അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിദഗ്‌ധോപദേശ ക്ലാസുകളും ഒരുക്കിയിരുന്നു. ചേക്കുട്ടി പാവകളുടെ സഹ ഉപജ്ഞാതാവ് ലക്ഷ്മി മേനോന്‍, വിപ്രോ പ്രൈവറ്റ് ലിമിറ്റഡിന്റെ മൊബിലിറ്റി ആന്‍ഡ് ക്ലൗഡ് ക്വാളിറ്റി എന്‍ജിനീയറിംഗ് പ്രാക്ടീസ് വിഭാഗം തലവനും ഡയറക്ടറുമായ സുധീര്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.

14 ജില്ലകളിലായി 14 സ്ഥലങ്ങളിലൂടെയാണ് സ്റ്റാര്‍ട്ടപ്പ് യാത്ര കടന്നു പോകുന്നത്. ഇതു കൂടാതെ എട്ട് ബുട്ട് ക്യാമ്പുകളും യാത്രയുടെ ഭാഗമായി നടത്തും. ബൂട്ട് ക്യാമ്പുകളിലാണ് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന ദ്വിദിന ത്വരിത പരിശീലന ക്യാമ്പില്‍ പങ്കെടുക്കാം. അതിലെ പ്രകടനത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംരംഭം തുടങ്ങുന്നതിനുവേണ്ട സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. വിജയികളാകുന്നവര്‍ക്ക് നവംബര്‍ 26-27 തിയതികളില്‍ തിരുവനന്തപുരം പാര്‍ക്ക് സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുന്നത്.