സ്റ്റാര്‍ട്ടപ് മേളയില്‍ ആകര്‍ഷണമായി സ്മാര്‍ട്ട് ചവറുവീപ്പയും ദുരന്ത നിവാരണ ഡ്രോണും

Posted on: November 19, 2018

കോട്ടയം : നാലായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സ്റ്റാര്‍ട്ടപ് മേളയില്‍ കാണികളുടെ ശ്രദ്ധ കവര്‍ന്നത് സ്മാര്‍ട്ട് ചവറുവീപ്പയും മാക്‌സ് എന്ന ഡ്രോണും ആക്‌സിയം എന്ന യന്ത്രമനുഷ്യനും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംരംഭകപ്രിയരെ കണ്ടെത്തുന്നതിനാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനയീറിംഗ് കോളജില്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്റര്‍ (ഐഇഡിസി) ഉച്ചകോടിയും മേക്കര്‍ ഫെസ്റ്റും സംഘടിപ്പിച്ചത്.

വിവിധ മേഖലകളില്‍ നിന്നുള്ള ആശയദാതാക്കളും പുതിയ സംരംഭകരും വിദ്യാര്‍ഥികളുമാണ് മേക്കര്‍ ഫെസ്റ്റിന്റെ പ്രദര്‍ശനത്തിന് മിഴിവേകിയത്.  ആലുവാ എം ഇ എസ് അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (എംഇഎസ് ഐമാറ്റ്)യിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ഡസ്റ്റ് ബിന്‍ കാണികളില്‍ ഏറെ  കൗതുകമുണര്‍ത്തി. ബാറ്ററിയിലും സൗരോര്‍ജത്തിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ചവറുവീപ്പ പൊതുസ്ഥലങ്ങളെ ലക്ഷ്യമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.

സാമാന്യം വലിപ്പമുള്ള ഈ ചവറുവീപ്പയിലെ മാലിന്യത്തിന്റെ അളവ് വൈഫൈ ഉപയോഗിച്ച് നിര്‍ണയിക്കാം. മാലിന്യത്തിന്റെ അളവനുസരിച്ച് എല്‍ഇഡി ബള്‍ബുകള്‍ തെളിയും. മാലിന്യം നിറഞ്ഞു കഴിഞ്ഞാല്‍ മാറ്റാനായി ഇത് ശുചീകരണ തൊഴിലാളികള്‍ക്ക് ഫോണ്‍ സന്ദേശം നല്‍കും. ആശുപത്രികളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്മാര്‍ട്ടായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എംഇഎസ് ഐ മാറ്റ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ.

പിറവം വിജ്ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ ആകാശ് മേക്കര്‍ ഫെസ്റ്റിനെ വിസ്മയിപ്പിച്ചത് തന്റെ ആക്സിയോം എന്ന ഇന്‍ഫര്‍മേഷന്‍ റോബോട്ടും മാക്സ് എന്ന ഡ്രോണും അവതരിപ്പിച്ചാണ്. ദുരന്ത നിവാരണത്തിനുതകുന്ന രീതിയിലാണ് ആക്‌സിയോമിന്റെ രൂപകല്‍പന. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഇതിലെ ആപ്ലിക്കേഷനു കഴിയും. മരുന്നുകളും അവശ്യസാധനങ്ങളും ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ കഴിയുന്ന ഡെലിവറി ഡ്രോണാണ് മാക്‌സ്.

TAGS: IEDC | Maker Fest |