പുത്തൻ തിരിച്ചറിവുകളുമായി ഐഇഡിസി 2017 സ്റ്റാർട്ടപ്പ് ഉച്ചകോടി

Posted on: August 19, 2017

കൊച്ചി : സമൂഹം നേരിടുന്ന പ്രശ്‌നങ്ങളാണ് സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചറിവാകേണ്ടതെന്ന തിരിച്ചറിവ്, ഐഇഡിസി 2017 ൽ പങ്കെടുത്ത നൂറുകണക്കിന് യുവസംരംഭകർക്ക് പുത്തൻ അനുഭവമായി. അനുകൂല സാഹചര്യം പൂർണമായും ഉപയോഗപ്പെടുത്താൻ അഭിനവ സംരംഭകർ തയാറാവണമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിച്ച ഐഇഡിസി2017 സമ്മേളനം ആഹ്വാനം ചെയ്തു.

മൂവായിരത്തോളം സംരംഭകരും വിദ്യാർത്ഥികളും പങ്കെടുത്ത മേളയിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകളും സംഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. പത്തനാപുരം പോലുള്ള ചെറിയ പട്ടണത്തിൽനിന്ന് മികച്ച ഐടി സംരംഭം പടുത്തുയർത്തിയ വരുൺ ചന്ദ്രൻ, ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ നിന്നും ഏഷ്യയിലെ ഏറ്റവും വലിയ ദന്തൽ ഉപകരണങ്ങളുടെ ഉത്പാദകനായ ജോൺ കുര്യാക്കോസ്, മൈക്രോസോഫ്റ്റിലെ ജോലി കളഞ്ഞ് ചക്കയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് ജാക്ക്ഫ്രൂട്ട് 365 തുടങ്ങിയ ജെയിംസ് ജോസഫ്, ചായ്പാനി സ്റ്റാർട്ടപ്പിന്റെ സ്ഥാപക ശ്രുതി ചതുർവേദി എന്നിവർ തങ്ങളുടെ അനുഭവ കഥ വിവരിച്ചു.

ഐടി പാർക്കുകളിൽ മാത്രമേ വ്യവസായം വളരൂ എന്നതിന് അപവാദമാണ് തന്റെ കോർപ്പറേറ്റ് 360 എന്ന സംരംഭത്തിന്റെ വിജയമെന്ന് വരുൺ പറഞ്ഞു. ഇത്തരം സംരംഭങ്ങൾക്ക് പരിമിതികളില്ലെന്നതു തന്നെയാണ് ഏറ്റവും വലിയ സാധ്യതയെന്നും അദേഹം പറഞ്ഞു.

സ്ഥിരോത്സാഹവും അനുയോജ്യമായ മേഖലയിലുള്ള അറിവുമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് ഡെന്റ് കെയർ ഡെന്റൽ ലാബിന്റെ സ്ഥാപകൻ ജോൺ കുര്യാക്കോസ് പറഞ്ഞു. വിഷയത്തിലുള്ള പ്രാഥമികമായ അറിവു കൊണ്ടു പോലും വിജയകരമായ സംരംഭം നടത്താമെന്നതിന്റെ തെളിവാണ് തന്റെ ജീവിതമെന്നും അദേഹം പറഞ്ഞു.

ഇന്ത്യയിലെ ആദ്യ ഇ-വാണിജ്യ സംരംഭകൻ വൈത്തീശ്വരന്റെ പ്രഭാഷണം നവസംരംഭകർക്ക് മറക്കാനാവാത്ത അനുഭവമായി. 99 ശതമാനം സ്റ്റാർട്ടപ്പുകളും പരാജയപ്പെടുമെന്ന അദേഹത്തിന്റെ തുറന്നു പറച്ചിൽ സമ്മേളനത്തിൽ ഒത്തു കൂടിയവരുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുകയെന്നതാണ് സ്റ്റാർട്ടപ്പുകളുടെ പ്രാഥമികമായ കൃത്യം. എന്നാൽ അതിൽ മാത്രം ഒതുങ്ങുന്നതല്ല ഇവയുടെ ഭാവി. ഒന്നു പരിഹരിച്ചു കഴിയുമ്പോൾ മറ്റൊന്ന് ഉയർന്നു വരും. പിഴവുകൾ കണ്ടു പിടിക്കുന്നതും ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു വരെ തുടങ്ങിയ ഒരു സ്റ്റാർട്ടപ്പോ ഇ-വാണിജ്യ സ്ഥാപനമോ അതിന്റെ വരുമാനത്തിലെ പ്രാഥമിക ലക്ഷ്യം കൈവരിച്ചിട്ടില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് നാളെയുടെ താരമെന്ന് ടെക്‌നോപാർക്കിലെ ഫായ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ ദീപു എസ് നാഥ് ചൂണ്ടിക്കാട്ടി. അഞ്ച് വർഷം മുമ്പ് അസാധ്യമെന്നു തോന്നിച്ച പല സാങ്കേതിക വിദ്യയും ഇന്ന് നമ്മുടെ സാധാരണ ജീവിതത്തിന്റെ ഭാഗമാണെന്ന് അദേഹം പറഞ്ഞു. തലച്ചോറിലെ ചിന്തകളുടെ പ്രവർത്തനം കംപ്യൂട്ടറുകളിലേക്ക് മാറ്റാനുള്ള പരീക്ഷണങ്ങളും മറ്റും കാര്യമായി പുരോഗമിക്കുകയാണ്. ഇത്തരം ഭാവി സാങ്കേതിക വിദ്യയെ ഭാവനയായി മാത്രം കാണാതെ പ്രായോഗിക ബുദ്ധിയോടെ നോക്കിക്കാണമെന്നും അദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പ് മിഷൻ കേരളത്തിൽ അങ്ങോളമിങ്ങോളം തുടങ്ങിയിട്ടുള്ള ഇരുനൂറോളം വിവിധ ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് ഡവലപ്മന്റ് സെന്ററുകളിൽ (ഐഇഡിസി) നിന്നായി തെരഞ്ഞെടുത്ത 50 മാതൃകകൾ മേളയിൽ പ്രദർശിപ്പിച്ചു.