സൈബോ ട്രാക്കിംഗ് സൊല്യൂഷൻസിൽ വിദേശ നിക്ഷേപം

Posted on: September 3, 2016

Trackbizz---Grasshopper-mou

 

കൊച്ചി : കെഎസ്‌ഐഡിസിയുടെ കാക്കനാട് ബിസിനസ് ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ സൈബോ ട്രാക്കിംഗ് സൊല്യൂഷൻസിന് നെതർലാൻഡ് ആസ്ഥാനമായ ഗ്രാസ്‌ഹോപ്പേർസ് ഗ്രൂപ്പിന്റെ വിദേശനിക്ഷേപം ലഭിച്ചു. സൈബോ രൂപം നൽകിയ ട്രാക്ബിസ് ഫീൽഡ്‌ഫോഴ്‌സ് ഓട്ടോമേഷൻ എന്ന മൊബൈൽ ആപ്ലിക്കേഷൻ കൂടുതൽ വികസിപ്പിക്കുന്നതിനും വിപണിയിൽ ഇറക്കുന്നതിനും പുതിയ നിക്ഷേപം സഹായകമാകും.

ജിപിഎസ് സംവിധാനം ഉപയോഗിച്ച് ലൊക്കേഷൻ ട്രാക്കിങ്ങിലൂടെ ഫീൽഡ് എക്‌സിക്യൂട്ടീവുമാരെ യഥാസമയം നിരീക്ഷിക്കാനും ട്രാക്കു ചെയ്യുന്നതിനും വേണ്ടിയുള്ള ഈ ആപ്ലിക്കേഷന്റെ വില്പന സേവനമേഖലകളിലാണ്. റിമോട്ട് അറ്റൻഡൻസ്, എക്‌സ്‌പെൻസ് ട്രാക്കിങ്, ലൊക്കേഷൻ ട്രാക്കിങ് തുടങ്ങിയ അടിസ്ഥാനസവിശേഷതകൾക്കൊപ്പം വില്പനസേവന മേഖലകളിലേക്കു വേണ്ടിയുള്ള ഓർഡർ നോട്ട്, ലീഡ്‌ലിസ്റ്റ്, ഇൻവെന്ററി, ടാസ്‌ക് ആൻഡ് ഷെഡ്യൂൾ, വർക്ക് റിപ്പോർട്ട് തുടങ്ങിയ ഫീച്ചറുകളും ആപ്ലിക്കേഷനിൽ ലഭ്യമാണ്.

ലൊക്കേഷൻ ട്രാക്കിങ് എന്ന ഫീച്ചർ ഓഫ്‌ലൈനിലും ഓൺലൈനിലും ലഭ്യമാകുന്നതിനാൽ ട്രാവൽ എക്‌സ്‌പെൻസ് മാനേജ്‌മെന്റിന് സഹായകമാകും. ഡാറ്റ ഡിജിറ്റൈസേഷൻ വഴി ക്ലെറിക്കൽ ജോലികൾ കുറയ്ക്കാൻ സഹായിക്കുന്ന ഈ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ് മൊബൈൽ ഫോണിലാണ് ലഭ്യമാകുന്നത്. ഇന്ത്യയിലെ ലഘു-ഇടത്തരം സംരംഭങ്ങളെ ലക്ഷ്യമിടുന്ന ട്രാക്ബിസ് ക്ലൗഡ് ടെക്‌നോളജി ഉപയോഗിച്ചുള്ള ചെലവ് കുറഞ്ഞ ആപ്ലിക്കേഷൻ ആണ്. പ്രതിമാസം 399 രൂപ മാത്രമാണ് സേവനം ലഭ്യമാക്കുന്നതിനുള്ള ചെലവ്. സാസ് പ്ലാറ്റ്‌ഫോമിലുള്ള ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.

ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് വ്യവസ്ഥയിൽ ഫണ്ടിംഗ് ലഭ്യമായതോടെ സ്റ്റാർട്ടപ്പ് കമ്പനിക്ക് തങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും, വ്യാപിപ്പിക്കാനുമുള്ള അവസരമാണ് കൈവരുന്നത്.

സംസ്ഥാനത്തെ 31 ഇന്നൊവേറ്റീവ് സ്റ്റാർട്ട്അപ്പുകൾക്കായി 6.23 കോടിരൂപ സീഡ് ഫണ്ടായി കെഎസ്‌ഐഡിസി അനുവദിച്ചിട്ടുണ്ടെന്ന് കെഎസ്‌ഐഡിസി എം.ഡി: ഡോ. എം.ബീന പറഞ്ഞു. മറ്റൊരു 11 നിർദ്ദേശങ്ങൾ പരിഗണനയിലാണ്. ഇൻഫോപാർക്കിലെ ബിസിനസ് ഇൻകുബേഷൻ സെന്ററിൽ ആകെ 106 സീറ്റുകളുമായി 15 സ്റ്റാർട്ടപ്പുകൾ ഇതിനോടകം ഇൻകുബേറ്റ് ചെയ്തിട്ടുണ്ട്. ആറെണ്ണം തങ്ങളുടെ പ്രവർത്തനം കൂടുതൽ വിശാലമാക്കിക്കഴിഞ്ഞു.

കെഎസ്‌ഐഡിസിയുടെ രണ്ടാമത്തെ ഇൻകുബേഷൻ സെന്ററായ സ്റ്റാർട്ടപ്പ് സോൺ അങ്കമാലിയിലെ ഇൻകൽ ടവർ2 ൽ ആരംഭിച്ചു കഴിഞ്ഞു. ഐടി ഇതരമേഖലകളിലെ സ്റ്റാർട്ടപ്പ് കമ്പനികൾക്കായാണ് ഇവിടുത്തെ 5000 ചതുരശ്രഅടി സ്ഥലം മാറ്റിവച്ചിരിക്കുന്നത്. നിലവിൽ മൂന്നു കമ്പനികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇവയിൽ വി എസ് ടി ട്രാവൽ സൊല്യൂഷൻസ് (വെഹിക്കിൾ എസ് ടി ) മൂന്നുലക്ഷം യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം നേടി വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കടന്നു.

കോഴിക്കോട് യുഎൽ സൈബർപാർക്കിൽ മൂന്നാമത്തെ ഇൻകുബേറ്റർ തുടങ്ങാനാണ് കെഎസ്‌ഐഡിസിയുടെ പദ്ധതി. വിദ്യാർഥികൾക്കിടയിൽ സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ കോളജുകൾക്ക് ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കാൻ കെഎസ്‌ഐഡിസി സഹായം നൽകുന്നുമുണ്ട്.

കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗ്രാസ്‌ഹോപ്പേർസ് ഡയറക്ടർ അലക്‌സ് വിജിനൻ, സൈബോ ട്രാക്കിങ്ങ് സൊല്യൂഷൻസ് സിഇഒ സുനിൽ പി. ജോണി, മെന്റർഗുരു എംഡി. എസ് ആർ നായർ തുടങ്ങിയവർ പങ്കെടുത്തു.

ഉത്പപന്നത്തിന്റെയും സേവനത്തിന്റെയും കൂടുതൽ വിവരങ്ങൾ www.trackbizz.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.