ഫ്‌ളൈദുബായിയുടെ 2700 കോടി ഡോളറിന്റെ ഓർഡർ ബോയിംഗിന്

Posted on: November 16, 2017

കൊച്ചി : ഫ്‌ളൈദുബായ് 2700 കോടി ഡോളർ വില മതിക്കുന്ന 225 ബോയിംഗ് 237 മാക്‌സ് വിമാനങ്ങൾക്കുള്ള ഓർഡർ ബോയിംഗിന് നൽകി. 8 വർഷം മുൻപ് പ്രവർത്തനമാരംഭിച്ച ഫ്‌ളൈദുബായ് ഇത് മൂന്നാം തവണയാണ് ബോയിംഗുമായി കരാറിലേർപ്പെടുന്നത്. 2008 ലും 2013 ലുമാണ് നേരത്തെ ഓർഡർ നൽകിയത്.ഇപ്പോൾ കമ്പനി ഓർഡർ ചെയ്ത് വിമാനങ്ങളുടെ എണ്ണം 320 ആയി.

ഈ വർഷാവസാനത്തോടെ 61 വരും തലമുറ ബോയിംഗ് 737-800, എട്ട് ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ ഫ്‌ളൈദുബായ്ക്ക് സ്വന്തമാവും. 2023 ന് മുൻപായി 70 എണ്ണം കൂടി ലഭിക്കും.

ഫ്‌ളൈദുബായ് വിജയഗാഥയുടെ പുതിയ ഏടാണ് 225 വിമാനങ്ങൾ കൂടി ഓർഡർ ചെയ്ത സംഭവമെന്ന് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. കൂടുതൽ സർവീസുകളാരംഭിച്ചു കൊണ്ട്, വ്യാപാര-വിനോദ സഞ്ചാരമേഖലയെ കൂട്ടിയിണക്കുക എന്ന ഫ്‌ളൈദുബായിയുടെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇത് വഴി സാധിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

2009 ൽ പ്രവർത്തനമാരംഭിച്ച ഫ്‌ളൈദുബായ് മുൻപ് വിമാന സർവീസില്ലാതിരുന്ന 67 കേന്ദ്രങ്ങളിലേക്ക് പുതുതായി സർവീസാരംഭിക്കുകയുണ്ടായെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘെയ്ത് അൽ ഘെയ്ത് പറഞ്ഞു. 8 വർഷത്തിനിടയ്ക്ക് 4.4 കോടി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സഹായിച്ചത് ബോയിംഗ് എയർക്രാഫ്റ്റുകളാണെന്നതിനാലാണ് 225 എണ്ണത്തിന് കൂടി ഇപ്പോൾ ഓർഡർ കൊടുത്തിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി.