ഇയോട്ട വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറക്കും : മൈക്കേൽ ഗോർദ്

Posted on: January 28, 2018

തിരുവനന്തപുരം :  ഇയോട്ട പോലെയുള്ള സ്വതന്ത്ര ക്രിപ്‌റ്റോകറൻസികളുടെ ആവിർഭാവം പരമ്പരാഗത ബിസിനസ്, ഭരണനിർവഹണ രീതികളെ മാറ്റിമറിക്കുമെന്ന് ബ്ലോക്ക് ചെയ്ൻ വിദഗ്ധനും കാനഡയിലെ എംഎൽജി ബ്ലോക്ക് ചെയ്ൻ അക്കാദമിയുടെ സ്ഥാപകനുമായ മൈക്കേൽ ഗോർദ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഐടി ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ)യും കൊച്ചി മേക്കർ വില്ലേജും ചേർന്നു ടെക്‌നോപാർക്കിൽ സംഘടിപ്പിച്ച ഏകദിന സമ്മേളനത്തിൽ ബ്ലോക്ക് ചെയ്ൻ സാധ്യകളും ഭാവി പ്രതീക്ഷകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു മൈക്കേൽ ഗോർദ്.

വികേന്ദ്രീകൃത ഐഒടിയിൽ വിദഗ്ധനായ ഗോർദ്, ഐഒടിയും ബ്ലോക്ക്‌ചെയ്‌നും ബന്ധപ്പെടുത്തിയുള്ള തന്റെ അറിവുകളും പങ്കുവച്ചു. ഐഒടിക്കു വേണ്ടി പുറത്തിറങ്ങിയ ക്രിപ്‌റ്റോകറൻസിയായ ഇയോട്ട(ഐഒടിഎ)യിലെ ഇടപാടുകൾക്ക് ഫീസില്ല. 2016 ൽ മാത്രമാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. ബിറ്റ്‌കോയിനനെ അപേക്ഷിച്ച് ഏറെ മെച്ചങ്ങളുണ്ടെന്നാണ് ഇതിന്റെ സ്രഷ്ടാക്കൾ അവകാശപ്പെടുന്നത്.

കാനഡ കേന്ദ്രമായി ബ്ലോക്ക് ചെയ്ൻ പ്രസ്ഥാനങ്ങളുടെ ആഗോളശൃംഖലയായ ബെൻ ഉപദേശക സമിതി അംഗം കൂടിയാണ് മൈക്കേൽ ഗോർദ്. ഐഐഐടിഎം-കെ ഡയറക്ടർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ടെക്‌നോപാർക്ക് ജീവനക്കാർ, വിദ്യാർഥികൾ, ഐഒടി തൽപരർ, യുവസംരംഭകർ എന്നിവർ പങ്കെടുത്തു.

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞനായ ജിതിൻ കൃഷ്ണൻ, ഏണസ്റ്റ് ആൻഡ് യംഗ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് പോറ്റി, ടാറ്റാ എൽക്‌സി സീനിയർ സ്‌പെഷലിസ്റ്റ് മനോജ് കുമാർ, ഐഐഐടിഎം-കെ അസോസിയേറ്റ് പ്രഫസർ ഡോ. അഷറഫ് എന്നിവർ പ്രസംഗിച്ചു.

ഐഒടിയിലെ നൂതനപ്രവണതകളെക്കുറിച്ച് ബംഗലുരുു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രഫ. രാജീവ് ശ്രീനിവാസൻ ചർച്ച നയിച്ചു. മേക്കർ വില്ലേജിലെ കമ്പനികൾ വികസിപ്പിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച പ്രോഡക്ട് ഡെമോയും എന്നിവയും നടന്നു.

TAGS: IIITM-K |