നോളജ് സിറ്റിയെ നയിക്കാൻ ഐഐഐടിഎം-കെ ഒരുങ്ങുന്നു

Posted on: October 27, 2017

തിരുവനന്തപുരം : ടെക്‌നോസിറ്റി ഒന്നാംഘട്ടത്തിലെ നോളജ് സിറ്റിയെ നയിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് – കേരള (ഐഐഐടിഎം-കെ) തയാറെടുക്കുന്നു. വിവരസാങ്കേതികരംഗത്തെ സംസ്ഥാനത്തിന്റെ നോളജ് ഹബ് എന്ന നിലയിലാണ് നോളജ് സിറ്റി ഒരുങ്ങുന്നത്.

പ്രധാനമായും മൂന്ന് മേഖലകളിലാണ് നോളജ് സിറ്റിയിൽ ഐഐഐടിഎം-കെ ശ്രദ്ധ കേന്ദ്രീകരിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, ബിഗ് ഡേറ്റ തുടങ്ങിയവ ഉൾക്കൊള്ളുന്ന കോഗ്നിറ്റിവ് അനാലിസിസ് ആണ് ഇതിൽ ആദ്യത്തേത്. സർക്കാർ മേഖലയിൽ അക്കാദമിക് രംഗത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനകേന്ദ്രമാകും നോളജ് സിറ്റിയിലേത്. .

സൈബർ യുഗത്തിൽ നിർണായകമായ വിവരസുരക്ഷ ഒരുക്കുന്ന സൈബർ സെക്യൂരിറ്റി വിഭാഗമാണ് മറ്റൊരു പ്രധാന മേഖല. വിവരകൈമാറ്റ രംഗത്ത് വികേന്ദ്രീകരണത്തിന്റെ നൂതനമാതൃകയായ ബ്ലോക്‌ചെയിൻ ആണ് മൂന്നാമത്തേത്. വ്യവസായ പ്രമുഖരുമായി ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യാ പഠനത്തിൽ ഐഐഐടിഎം-കെ നിലവിൽതന്നെ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽതന്നെ ഈ മൂന്ന് മേഖലകളിൽ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ആദ്യ സ്ഥാപനമാകും ഐഐഐടിഎം-കെ. ഇതുകൂടാതെ, രണ്ടാംഘട്ടത്തിൽ ഇലക്ട്രിക് മൊബിലിറ്റി, സ്‌പേസ്
ആപ്ലിക്കേഷൻ സയൻസ് എന്നീ മേഖലകളിലേക്കും നോളജ് സിറ്റിയിൽ ഐഐഐടിഎം-കെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു.

ഈ മേഖലകളിൽ സംസ്ഥാനത്തെ നയിക്കുന്ന സ്ഥാനമാണ് ഐഐഐടിഎം-കെയ്ക്ക് ഉണ്ടാവുകയെന്ന് ഡയറക്ടർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വരുംകാലത്ത് വികസനസാധ്യതകളുള്ള മേഖലകളെ തെരഞ്ഞെടുത്ത് അവയിൽ വൈദഗ്ധ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സാങ്കേതിക മേഖലയിലെ അറിവിന്റെ ഒരു നിധിശേഖരം എന്ന നിലയിലാണ് ഐഐഐടിഎം-കെയെ വിഭാവനം ചെയ്തിരിക്കുന്നതെന്നും ഡോ. സജി ഗോപിനാഥ് പറഞ്ഞു.

നൂതന ശാസ്ത്രസാങ്കേതിക മേളകളിലെ അറിവിന്റെ ഉത്പാദനം, പ്രായോഗിക വിനിയോഗം, പ്രചരണം എന്നീ മൂന്നു തലങ്ങളിലും ഐഐഐടിഎം-കെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അസോസിയേറ്റ് പ്രഫസർ ഡോ. അഷറഫ് എസ്. പറഞ്ഞു.