സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 35 ശതമാനം വളർച്ച

Posted on: September 30, 2017

കൊച്ചി : മുളകിന്റെ പിൻബലത്തിൽ രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി അളവിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം ക്വാർട്ടറിൽ 35 ശതമാനം വളർച്ച കൈവരിച്ചു. ഈ കാലയളവിൽ കയറ്റുമതി മൂല്യം 4589.14 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ സുഗന്ധവ്യഞ്ജന കയറ്റുമതി 2,27,938 ടൺ ആയിരുന്നത് നടപ്പു വർഷത്തെ ഈ കാലയളവിൽ 3,06,990 ടണ്ണായി. മുളകാണ് ഈ വർഷം ഏപ്രിൽ – ജൂൺ കാലത്ത് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടത്. 1,198 കോടി രൂപ മൂല്യമുള്ള 1,33,000 ടൺ മുളകാണ് വിദേശത്തേയ്ക്ക് പോയത്.

അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഉത്പന്നമാണ് മുളക്. ഇന്ത്യയ്ക്ക് ഈ ആവശ്യത്തിനനുസരിച്ച് മുളക് കയറ്റുമതി ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ എ ജയതിലക് പറഞ്ഞു.

വെളുത്തുള്ളി കയറ്റമതിയെ പ്രോത്സാഹിപ്പിക്കാൻ ബോർഡ് എടുക്കുന്ന നടപടികളും ഫലം കാണുന്നുണ്ട്. അളവിലും മൂല്യത്തിലും ഏറ്റവുമധികം വർധനയുണ്ടായതും വെളുത്തുള്ളിക്കാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ആദ്യ ക്വാർട്ടറിലെ ആകെ വളർച്ചയിൽ ശ്രദ്ധേയമായ ഭാഗധേയം നൽകിയ വെളുത്തുള്ളിയുടെ മൂല്യത്തിൽ 107 ശതമാനത്തിന്റെയും അളവിൽ 169 ശതമാനത്തിന്റേയും വളർച്ചയാണ് രേഖപ്പെടുത്തിയത്.

പെരുംജീരകത്തിന്റെ കയറ്റുമതി ആഗോളതലത്തിൽ 13,250 ടണ്ണാണ്. അളവിൽ 92 ശതമാനത്തിന്റെയും മൂല്യത്തിൽ 49 ശതമാനത്തിന്റെയും വർധനയാണ് പെരുംജീരകത്തിനുണ്ടായത്. മറ്റ് ഉത്പന്നങ്ങളായ കടുക്, തക്കോലം, അയമോദകം തുടങ്ങിയവയുടെ കയറ്റുമതി അളവിൽ 83 ശതമാനവും മൂല്യത്തിൽ 63 ശതമാനവും വളർച്ച നേടി.

ഏലം കയറ്റുമതിയിൽ 134.55 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 1220 ടൺ ഏലം കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിൽ ഇത് യഥാക്രമം, 90.81 കോടി രൂപയുയം 1,206 ടണ്ണുമായിരുന്നു. അളവിൽ 10 ശതമാനത്തിന്റെയും മൂല്യത്തിൽ 48 ശതമാനത്തിന്റെയും വർധന ഏലത്തിനുണ്ടായി.

ഇഞ്ചിയുടെയും പുതിന ഉത്പന്നങ്ങളുടെയും കയറ്റുമതിയിലും ഗണ്യമായ വർധനയുണ്ടായി. സംസ്‌കരിച്ച മൂല്യവർധിത ഉത്പന്നങ്ങൾക്കും കയറ്റുമതി വിപണിയിൽ മികച്ച ഡിമാന്റുണ്ട്. കറിപ്പൊടി, പേസ്റ്റ്, സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയെല്ലാം കയറ്റുമതി വളർച്ചയിലുണ്ടായ മുന്നേറ്റത്തിൽ കാര്യമായ പങ്ക് വഹിച്ചു.