അഞ്ചു സെന്റിൽ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ജപ്പാൻ സംഘം

Posted on: February 7, 2017

കൊച്ചി : മാലിന്യസംസ്‌കരണമെന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന മലയാളിക്കുവേണ്ടി അഞ്ചു സെന്റിൽ ഒരു പാരിസ്ഥിതിക പ്രശനവുമില്ലാതെ മാലിന്യപ്ലാന്റ് സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി വ്യാപാർ-2017 ൽ ജപ്പാൻ പ്രതിനിധി സംഘം. സാങ്കേതികവിദ്യാ കൈമാറ്റമുൾപ്പെടെയാണ് ജപ്പാൻ സംഘം സംസ്ഥാനത്തിന് വാഗ്ദാനം ചെയ്യുന്നത്.

കേരളത്തിലെ ഓരോ പഞ്ചായത്തിനും പിന്തുടാവുന്നതാണ് ഈ മാതൃക. ഫലപ്രദവും പരിസരവാസികൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കാത്തതുമാണ് പദ്ധതി.പ്ലാന്റിന് ചുറ്റുമുള്ള സ്ഥലം കുട്ടികൾക്കായുള്ള കളിസ്ഥലവും വിശ്രമകേന്ദ്രവുമാക്കാൻ സാധിക്കുന്ന വിധത്തിലാണ് രൂപരേഖ. ദിവസം 5 ടൺ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ 15 ദിവസം കൊണ്ട് മാലിന്യം വളമാക്കി മാറ്റാം.

കേരളം ഇന്നനുഭവിക്കുന്നതിനേക്കാൾ ഭീകരമായിരുന്നു അമ്പത് വർഷം മുമ്പ് ജപ്പാനിലെ ഒട്ടു മിക്ക പ്രവിശ്യയിലും മാലിന്യപ്രശ്‌നം. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിസ്ഥിതിയുള്ള സ്ഥലമായി ജപ്പാൻ മാറിയത് വികേന്ദ്രീകൃത മാലിന്യനിർമ്മാർജ്ജന പദ്ധതികളിലൂടെയാണ്.

ജപ്പാനും കേരളവും തമ്മിലുള്ള വാണിജ്യബന്ധം വർധിപ്പിക്കാൻ വേണ്ടി രൂപം നൽകിയ ് ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരള (ഇൻജാക്ക്) യുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാർ-2017 ൽ ജപ്പാനിലെ സാനിൻ പ്രവിശ്യയിൽ നിന്നും 39 അംഗ പ്രതിനിധി സംഘം എത്തിയത്.

നാലു കമ്പനികളുടെ പ്രതിനിധികളാണിവർ. ഇതിൽ മൂന്നും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടവയാണ്. ഭൂപ്രകൃതി, ജനസംഖ്യ, ആയുർദൈർഘ്യം എന്നിവയുടെ കാര്യത്തിൽ ജപ്പാനും കേരളവും തമ്മിൽ അഭേദ്യമായ സാദൃശ്യമുണ്ടെന്ന് ഇൻജാക്ക് പ്രസിഡന്റ് ടി ബാലകൃഷ്ണൻ പറഞ്ഞു. അതുകൊണ്ടു തന്നെയാണ് മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തിലും കേരളത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതി നിർദ്ദേശിക്കാൻ ജപ്പാന് സാധിക്കുന്നത്.

കേരളത്തിലെ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുകയെന്നതാണ് ഇൻജാക്കിന്റെ ലക്ഷ്യങ്ങളിലൊന്ന്. മാലിന്യ പ്രശ്‌നം രൂക്ഷമായിരിക്കുന്ന കൊച്ചി കോർപറേഷനുമായി പ്ലാന്റിന്റെ കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സംസ്ഥാന ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരി, തൃക്കാക്കര, ചേരാനെല്ലൂർ പഞ്ചായത്തുകളിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ തന്നെ നോഡൽ ഓഫീസറെ നിയോഗിച്ച് ഇതിന്റെ പ്രാരംഭ ചർച്ചകൾ നടത്തി വരുന്നതായും ടി ബാലകൃഷ്ണൻ പറഞ്ഞു.

ഖര, ദ്രവ്യ, വായു മലിനീകരണം തടയുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് ജപ്പാൻ പ്രതിനിധ സംഘം അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ വയോജനക്ഷേമത്തിനു വേണ്ടിയുള്ള യന്ത്രസാമഗ്രികളും വ്യാപാർ 2017 ൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘവും ജപ്പാനിലെ സാനിൻ പ്രവിശ്യയിൽ നിന്നുള്ള അഞ്ചംഗ മേയർ സമിതിയും ധാരണാപത്രം ഒപ്പിട്ടത്. 2020 ഓടെ ഇരു രാജ്യങ്ങളും തമ്മിൽ 100 കമ്പനികളുമായി വാണിജ്യ സഹകരണം ഉണ്ടാക്കാനാണ് ഇൻജാക്ക് ലക്ഷ്യമിടുന്നത്.

TAGS: Vyapar 2017 |