ബിസിനസിലും ജീവിതത്തിലും പ്രചോദനം പകർന്ന് ബിജു വർഗീസ്

Posted on: February 2, 2017

കൊച്ചി : വാണിജ്യതാത്പര്യത്തിനപ്പുറം ജീവിതത്തിൽ പ്രചോദനം തരുന്ന വാക്കുകളാണ് വ്യാപാർ-2017 ൽ പങ്കെടുക്കുന്ന കോട്ടയം എരുമേലി മുക്കൂട്ടുതറക്കാരൻ ബിജു വർഗീസിന് പറയാനുള്ളത്. കാലിന് സ്വാധീനമില്ലാത്തവർക്ക് ഇടതുകൈ കൊണ്ട് കാറോടിക്കാനുള്ള സംവിധാനമാണ് സ്വന്തം സ്റ്റാളിലെ വീൽ ചെയറിലിരുന്ന് ബിജു തന്റെ സന്ദർശകർക്ക് പറഞ്ഞു കൊടുക്കുന്നത്.

കാറിന്റെ ക്ലച്ച്, ആക്‌സിലറേറ്റർ, ബ്രേക്ക് എന്നിവ ഇടതു കൈയുടെ വിരലുകൾ കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന ഉപകരണമാണ് ബിജുവിന്റെ കണ്ടു പിടുത്തം. 19 വർഷം മുമ്പ് കൊട്ടാരക്കര നടന്ന വാഹനാപകടത്തിലാണ് നട്ടെല്ലിന് ക്ഷതമേറ്റ് ബിജു കിടപ്പിലാകുന്നത്. എന്നാൽ തികച്ചും ഊർജസ്വലനായ ഈ യുവാവ് ജീവിതം വെറുതെ കളയാൻ തയാറല്ലായിരുന്നു. കാലുകളുടെ സഹായമില്ലാതെ കാറോടിക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങുന്നതിങ്ങനെയാണ്.

പരീക്ഷണം 2003-ൽ വിജയം കണ്ടു. സ്വന്തമായി വാങ്ങിയ കാറിൽ ഇത് ഘടിപ്പിച്ചു. അന്ന് തുടങ്ങിയ ഡ്രൈവിംഗ് ഇന്ന് അഞ്ചു ലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു. പൂനയിൽ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ(എആർഎഐ) ടെസ്റ്റിനായി പോയതെല്ലാം ബിജു തനിയെ കാറോടിച്ചാണ്. ഇപ്പോഴുള്ള സ്വിഫ്റ്റ് കാർ ബിജുവിന്റെ മൂന്നാമത്തെ വാഹനമാണ്.

സംഗതി വളരെയെളുപ്പം. മൂന്ന് കേബിളുകളാണ് ബിജുവിന്റെ ഉപകരണത്തിലെ പ്രധാന ഭാഗങ്ങൾ. കേവലം 15 മിനിട്ടിനുള്ളിൽ ഇത് ഏതു വാഹനത്തിലും ഘടിപ്പിക്കാം. ഗിയറിന്റെ നോബ് മാറ്റി ഈ ഉപകരണത്തിന്റെ ഭാഗം ഘടിപ്പിച്ചാൽ പിന്നെ ക്ലച്ചും ആക്‌സിലറേറ്ററും ബ്രേക്കുമെല്ലാം പ്രവർത്തിപ്പിക്കാൻ ഇടതു കൈയുടെ വിരലുകൾ മതി. കേവലം അഞ്ചു സെക്കന്റ് കൊണ്ട് സാധാരണ ഡ്രൈവർമാർക്ക് ഓടിക്കാവുന്ന വിധമാക്കാം.

ഇതുവരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരം വാഹനങ്ങളിൽ ബിജുവിന്റെ ഡ്രൈവിംഗ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. 15,000 രൂപ മുതൽ 30,000 രൂപ വരെയാണ് ഇതിന്റെ ചെലവ്. മുക്കൂട്ടുതറയിലെ വീടിനടുത്തുള്ള സ്വന്തം വർക്ക്‌ഷോപ്പിൽ ബിജു തന്നെയാണ് ഈ ഉപകരണം ഉണ്ടാക്കുന്നത്.

ഇന്ത്യയിൽ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എആർഎഐ) വികലാംഗർക്കായുള്ള വാഹനത്തിന്റെ അംഗീകാരം രാജ്യത്താദ്യമായി ലഭിച്ചത് തനിക്കാണെന്ന് ബിജു പറയുന്നു. 2007 ലെ ദേശീയ ഇന്നൊവേഷൻ ഫൗണ്ടേഷന്റെ പുരസ്‌കാരം, ദേശീയ സാമൂഹ്യനീതി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ബിജുവിനെ തേടിയെത്തിയിട്ടുണ്ട്.