കെജിഎംഒഎ സുവർണ്ണ ജൂബിലി സമ്മേളനം 27 മുതൽ കൊച്ചിയിൽ

Posted on: January 25, 2017

കൊച്ചി : കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) സുവർണ്ണ ജൂബിലിയും വാർഷിക സമ്മേളനവും 27, 28 തീയതികളിൽ കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കും. സമാപന സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. പ്രഫ.കെ.വി.തോമസ് എംപി മുഖ്യപ്രഭാഷണവും, എസ്. ശർമ എംഎൽഎ സ്മരണിക പ്രകാശനവും നിർവഹിക്കും.

സുവർണ്ണ ജൂബിലിയുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രി അങ്കണത്തിൽ മാറുന്ന പൊതുജനാരോഗ്യ മേഖലയും, ആനുകാലിക പ്രശ്‌നങ്ങളും എന്ന വിഷയത്തിൽ ജനുവരി 26 ന് രാവിലെ 10 ന് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ മാധ്യമ രംഗങ്ങളിലെ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കുന്ന സെമിനാറിൽ ഡോ. ബി. ഇക്ബാൽ, വിഷയാവതരണം നടത്തും.

സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡന്റും രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. സണ്ണി പി ഓരത്തേൽ സെമിനാറിൽ മോഡറേറ്റർ ആയിരിക്കും. ഹൈബി ഈഡൻ എംഎൽഎ, മുൻ എംപിമാരായ ഡോ. സെബാസ്റ്റിയൻ പോൾ, പി. രാജീവ് എന്നിവരും മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, മനോജ് കെ ദാസ്, പരിസ്ഥിതി പ്രവർത്തകനായ സി.ആർ നീലകണ്ഠൻ എന്നിവർ പങ്കെടുക്കും. സംസ്ഥാന അദ്ധ്യക്ഷൻ ഡോ.മധു വി സ്വാഗതവും, ജനറൽ സെക്രട്ടറി ഡോ.റഊഫ് നന്ദിയും പറയും. തുടർന്ന് കെജിഎംഒഎ പിറവികൊണ്ട തൃശൂർ ജില്ലയിൽ നിന്നും എത്തിച്ചേരുന്ന പതാക ജാഥയ്ക്കു സ്വീകരണം നൽകും. സമ്മേളന വേദിയായ ബോൾഗാട്ടി പാലസ് 1993 ലെ ഐതിഹാസിക സമരത്തിൽ പങ്കെടുത്ത് എറണാകുളം ജില്ലയിൽ നിന്നും ആദ്യമായി അറസ്റ്റ് വരിച്ച് ജയിൽ വാസം അനുഭവിച്ച ഡോ.ദിവാകര ഭട്ടിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

27 ന് രാവിലെ 8.30ന് സംസ്ഥാന അദ്ധ്യക്ഷൻ ഡോ. മധു വി പതാക ഉയർത്തും. തുടർന്ന് തുടർ വിദ്യാഭ്യാസ പരിപാടിയും, സംസ്ഥാന സമിതി യോഗവും, വിരമിച്ച ഡോക്ടർമാരുടെ സമ്മേളനവും നടക്കും. തുടർ വിദ്യാഭ്യാസ പരിപാടി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്യും.

28 ന് രാവിലെ വാർഷിക പൊതുയോഗവും തുടർന്ന് സ്‌റ്റേറ്റ് ലെവൽ ഇമ്മ്യൂണൈസേഷൻ ക്വിസ് ഐക്യൂ 2017 ന്റെ മെഗാ ഫൈനൽ നടക്കും. ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ രേണുരാജ് നിർവ്വഹിക്കും. ജില്ലാതലത്തിൽ നടന്ന ഐക്യൂ2017 ന്റെ വിജയികളാണ് മെഗാ ഫൈനലിൽ പങ്കെടുക്കുന്നത്. വിജയികൾക്ക്, ബിപിസിഎൽന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ കാഷ് അവാർഡ് ബിപിസിഎൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ വിതരണം ചെയ്യും. ഇതോടൊപ്പം കെജിഎംഒഎയുടെ മുൻ കാല നേതാക്കളെയും ആദരിക്കും.

വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം ആരോഗ്യ വകുപ്പ് കുടുംബക്ഷേമ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. പ്രഫ.കെ.വി.തോമസ് എംപി മുഖ്യപ്രഭാഷണവും, എസ്. ശർമ എംഎൽഎ സ്മരണിക പ്രകാശനവും നിർവ്വഹിക്കും. മികച്ച ഡോക്ടർ, സാമൂഹിക പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്യും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ആർ രമേശ്, ഐ.എം.എ, കെ.ജി.എം.ഒ.എ സംസ്ഥാന അധ്യക്ഷൻമാർ ആശംസകൾ അർപ്പിക്കും. തുടർന്ന് കുടുംബ സംഗമം.

വാർത്താസമ്മേളനത്തിൽ കെജിഎംഒഎ പ്രസിഡന്റ് ഡോ.മധു വി, സെക്രട്ടറി ഡോ. റഊഫ് എ.കെ, കെജിഎംഒഎ മുൻ പ്രസിഡൻും സുവർണ്ണസംഗമം 2017 മുഖ്യ രക്ഷാധികാരിയുമായ ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഒർഗനൈസിങ്ങ് ചെയർമാൻ ഡോ. മുഹമ്മദ് സലീം, സെക്രട്ടറി ഡോ.സിറിൽ ജി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: KGMOA |