തിരുവനന്തപുരത്തെ ആദ്യ ഹിന്ദ്‌ലാബ്‌സ് ഉദ്ഘാടനം ചെയ്തു

Posted on: September 8, 2016

hll-hindlabs-tvm-inaug-big

തിരുവനന്തപുരം : ഹിന്ദ്‌ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെന്റർ ആൻഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്ക് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിക്ക് എതിർവശത്തുള്ള ട്രിഡ സോപാനം കോംപ്ലക്‌സിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. വാക്‌സിൻ യൂണിറ്റിന്റെ ഉദ്ഘാടനവും ടാക്‌സി- ഓട്ടോറിക്ഷാ ഡ്രൈവർമാർക്കുള്ള സൗജന്യ കാർഡുകളുടെ വിതരണവും ആരോഗ്യമന്ത്രി നിർവഹിച്ചു. തലസ്ഥാനത്തെ ആദ്യ ഹിന്ദ്‌ലാബ്‌സ് ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ദേവസ്വം-വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്‌പെഷ്യാലിറ്റി ഒ.പി ക്ലിനിക് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ടെലി റേഡിയോളജി ഹബും ഹിന്ദ് ലാബ്‌സ് ഫാർമസിയും സാറ്റലൈറ്റ് ബ്ലഡ് കളക്ഷൻ സെന്ററും തുറന്നു. എച്ച്എൽഎൽ ലൈഫ്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ.പി.ഖണ്‌ഡേൽവാൽ ഹിന്ദ്‌ലാബ്‌സിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാർക്കറ്റിംഗ് ഡയറക്ടർ ഡോ. ബാബു തോമസ് സ്വാഗതവും ടെക്‌നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഇ.എ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

കുറഞ്ഞ നിരക്കിൽ ആരോഗ്യപരിപാലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മരുന്നുകളും പരിശോധനകളും 20 മുതൽ 90 ശതമാനം വരെ ഡിസ്‌ക്കൗണ്ടിൽ എച്ച്എൽഎൽ ലഭ്യമാക്കുന്നുണ്ട്. പത്തുകോടി രൂപ ചെലവിലാണ് തിരുവനന്തപുരത്തെ ഹിന്ദ്‌ലാബ്‌സ് സജ്ജീകരിച്ചിരിക്കുന്നത്.